ടി എൻ പ്രതാപനും അനിൽ അക്കരയ്ക്കും കൊവിഡ് ഇല്ല; പരിശോധന ഫലം പുറത്ത്
മന്ത്രി എ സി മൊയ്തീന് ക്വാറന്റീൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ടി എൻ പ്രതാപനും അനിൽ അക്കര എം എൽഎയും ഇന്ന് നിരാഹാര സമരം നടത്തുന്നതിനിടെയാണ് പരിശോധന ഫലം പുറത്ത് വരുന്നത്
തൃശൂർ: കോൺഗ്രസ് നോതാക്കളായ ടി എൻ പ്രതാപൻ എം പി, അനിൽ അക്കര എംഎൽഎ എന്നിവർക്ക് കൊവിഡ് ഇല്ലെന്ന് പരിശോധന ഫലം. ഇക്കാര്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇരുവരെയും ഒദ്യോഗികമായി അറിയിച്ചു. വാളയാര്‍ സമരത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഇരുവരും ഓഫീസിൽ ക്വാറൻ്റൈനിലാണ്.
മന്ത്രി എ സി മൊയ്തീന് ക്വാറന്റീൻ വേണ്ടെന്ന മെഡിക്കൽ ബോർഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ടി എൻ പ്രതാപനും അനിൽ അക്കര എം എൽഎയും ഇന്ന് നിരാഹാര സമരം നടത്തുന്നതിനിടെയാണ് പരിശോധന ഫലം പുറത്ത് വരുന്നത്. തൃശ്ശൂരിലെ മെഡിക്കൽ ബോർഡ് ക്വാറന്റൈൻ വിഷയത്തിൽ രാഷ്ട്രീയ കളി നടത്തുന്നുവെന്നാരോപിച്ചാണ് ടി എൻ പ്രതാപൻ എം പി തളിക്കുളത്തെ വീട്ടിലും അനിൽ അക്കര എം എൽ എ വടക്കാഞ്ചേരിയിലെ ഓഫീസിലും ഉപവാസ സമരം ആരംഭിച്ചിരിക്കുന്നത്. രാവിലെ 10ന് തുടങ്ങിയ സമരം നാളെ രാവിലെ പത്തിന് അവസാനിക്കും.
കോവിഡ് ബാധ കണ്ടെത്തിയ പ്രവാസികളുമായി അടുത്ത് ഇടപഴകിയ മന്ത്രി എസി മൊയ്തീനെ ക്വാറന്റൈനിലാക്കണമെന്ന അനിൽ അക്കരയുടെ പരാതി മെഡിക്കൽ ബോർഡ് നേരത്തെ തള്ളിയിരുന്നു. മന്ത്രിയുമായി സമ്പർക്കമുണ്ടായില്ല എന്ന് രോഗികളിൽ നിന്നും സത്യവാങ്മൂലം വാങ്ങിയ ശേഷമായിരുന്നു തീരുമാനം. ഇത് രാഷ്ടീയ പ്രേരിതമാമെന്നാണ് ആരോപണം. ജനപ്രതിനിധികൾക്ക് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ കളക്ടറേറ്റിന് മുന്നിൽ ഉപവാസം നടത്തുന്നുണ്ട്.