ഇബ്രാഹിംകുഞ്ഞും മകനും ഭീഷണിപ്പെടുത്തുന്നു; പരാതിയുമായി പാലാരിവട്ടം ഹര്ജിക്കാരന്
നോട്ട് നിരോധന സമയത്ത് പാര്‍ട്ടി മുഖപത്രത്തിലേക്ക് കള്ളപ്പണമൊഴുക്കി വെളുപ്പിച്ചെടുത്തുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം
കൊച്ചി: മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്ന് കാട്ടി പാലാരിവട്ടം കേസിലെ പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചു. ലോക്ക് ഡൗണ്‍ സമയത്ത് ഹര്‍ജി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ഹര്‍ജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ആരോപിക്കുന്നത്. ഇബ്രാഹിംകുഞ്ഞിനും അദ്ദേഹത്തിന്റെ മകനും ലീഗ് നേതാവുമായ അബ്ദുള്‍ ഗഫൂറിനുമെതിരെയാണ് ഹര്‍ജി.
പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ് ഹര്‍ജി ഹൈക്കോടതിയില്‍ വന്നത്. നോട്ട് നിരോധന സമയത്ത് പാര്‍ട്ടി മുഖപത്രത്തിലേക്ക് കള്ളപ്പണമൊഴുക്കി വെളുപ്പിച്ചെടുത്തുവെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആരോപണം. ഈ ഹര്‍ജിയില്‍ ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെയടക്കം ഹര്‍ജി ചേര്‍ക്കുകയും ചെയ്തിരുന്നു.
ഈ സമയത്താണ് ലോക്ക് ഡൗണ്‍ നിലവില്‍ വന്നത്. ലോക്ക് ഡൗണ്‍ സമയത്ത് ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞും മകനും തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് ഗിരീഷ് ബാബുവിന്റെ ആരോപണം. ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും ഇദ്ദേഹം പറയുന്നു. ഇതുസംബന്ധിച്ച് ഒരു പ്രത്യേക അപേക്ഷയും ഹര്ജിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചു.
തനിക്കെതിരായ ഭീഷണി പാലാരിവട്ടം കേസന്വേഷിക്കുന്ന വിജിലന്‍സ് സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.
നേരത്തെ ഹൈക്കോടതി ജഡ്ജിക്കും പോലീസിനും ഗിരീഷ് ബാബു പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ ഗിരീഷ് ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇത് പ്രകാരം ഒരു ക്രൈം രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതായ കണ്ടെത്തലുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ഗിരീഷ് ബാബുവിന് പോലീസ് സംരക്ഷണം വേണമെങ്കില്‍ അനുവദിക്കാമെന്ന നിലപാടാണ് പോലീസ് കോടതിയില്‍ സ്വീകരിച്ചത്.