ഈ സമയത്ത് രാഷ്ട്രീയമില്ല: പ്രിയങ്ക ഗാന്ധിയുടെ അഭ്യർത്ഥന നടപ്പാക്കി യോഗി ആദിത്യനാഥ്, സംസ്ഥാന അതിർത്തികളിലേക്ക് 1000 ബസുകൾ
കുടിയേറ്റ തൊഴിലാളികൾക്കായുള്ള കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആവശ്യം നടപ്പാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികൾക്കായുള്ള കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ആവശ്യം നടപ്പാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശിലെ ഓറൈയായിൽ ലോറി അപകടത്തിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന 24 കുടിയേറ്റ തൊഴിലാളികൾ മരണമടഞ്ഞിരുന്നു. നടന്നും വലഞ്ഞും മടങ്ങുന്ന നിരവധി തൊഴിലാളികളെ സംസ്ഥാനാതിർത്തിയിൽ എത്തിക്കാൻ രാഷ്ട്രീയം നോക്കാതെ ബസും ആവശ്യത്തിന് ഭക്ഷണവും വെള്ളവും നൽകണം എന്ന പ്രിയങ്കയുടെ ആവശ്യമാണ് അത്തരത്തിൽ 1000 ബസുകൾ ഓടിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടപ്പാക്കിയിരിക്കുന്നത്.ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ അഭ്യർത്ഥന. ഉത്തർപ്രദേശിന്റെ അടുത്തുള്ള സംസ്ഥാനങ്ങളായ രാജസ്ഥാൻ, ബീഹാർ എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റ തൊഴിലാളികൾക്കായി ബസ് ഓടിച്ചിരുന്നു.അതേസമയം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും തങ്ങൾ ചെയ്ത പോലെ കുടിയേറ്റ തൊഴിലാളികൾക്കായി ബസ് ഓടിക്കുവാൻ പ്രിയങ്കാ ഗാന്ധി ആവശ്യപ്പെടണമെന്ന് ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ്മ ആവശ്യപ്പെട്ടു.