കുഞ്ഞിനെ കടലില്‍ എറിഞ്ഞ് കൊന്ന കേസ്; 90-ാം ദിവസം കുറ്റപത്രം സമര്‍പ്പിച്ച് പോലീസ് ‘ലോക്ക്’
കണ്ണൂര്‍ സിറ്റി സ്വദേശി ശരണ്യ, കാമുകന് നിധിന് എന്നിവരാണ് കേസിലെ പ്രതികള്‍
കണ്ണൂര്‍: ഒന്നരവയസ്സുകാരനെ അമ്മ കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കണ്ണൂര്‍ സിറ്റി സിഐ സതീഷ് കുമാറാണ് തിങ്കളാഴ്ച കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി-2 ല്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കണ്ണൂര്‍ സിറ്റി സ്വദേശി ശരണ്യ, കാമുകന് കണ്ണൂര്‍ വാരം സ്വദേശി നിധിന് എന്നിവരാണ് കേസിലെ പ്രതികള്‍. കൊലപാതകം, ഗൂഢാലോചന, കൊലപാതകത്തിനുള്ള പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി 90-ാമത്തെ ദിവസമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്നത് തടയാനാണ് 90 ദിവസത്തിനുള്ളില്‍ പോലീസ് കുറ്റപത്രം നല്‍കിയത്.
ഫെബ്രുവരി 16-നാണ് ശരണ്യ-പ്രണവ് ദമ്പതിമാരുടെ മകന് വിയാന്റെ മൃതദേഹം തയ്യില്‍ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. ഉറക്കികിടത്തിയിരുന്ന മകനെ കാണാതായെന്നായിരുന്നു ദമ്പതിമാരുടെ മൊഴി. എന്നാല്‍ പോലീസ് സംഘത്തിന്റെ 24 മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ ശരണ്യ കുറ്റം സമ്മതിക്കുകയായിരുന്നു. കാമുകനോടൊപ്പം ജീവിക്കാനായി കുഞ്ഞിനെ കൊലപ്പെടുത്തിയെന്നായിരുന്നു ശരണ്യയുടെ മൊഴി.
പ്രണവിനൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ ശരണ്യ എടുത്തുകൊണ്ട് പോവുകയും കടപ്പുറത്തെ കടല്‍ഭിത്തിയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകം ഭര്‍ത്താവായ പ്രണവിന്റെ തലയില്‍ കെട്ടിവെയ്ക്കാനായിരുന്നു ശരണ്യ ആദ്യം ശ്രമിച്ചത്. ഒടുവില്‍ ശാസ്ത്രീയ തെളിവുകളടക്കം എതിരായതോടെ അവര്‍ പോലീസിനോട് എല്ലാം തുറന്നുപറയുകയായിരുന്നു.
പോലീസ് കസ്റ്റഡിയിലായിരിക്കെ നിധിന്റെ നിരവധി കോളുകളാണ് ശരണ്യയുടെ മൊബൈലില്‍ വന്നിരുന്നത്. അന്വേഷണത്തില്‍ ഈ ഫോണ്‍കോളുകളും ഇരുവരുടെയും വാട്സാപ്പ് സന്ദേശങ്ങളും നിര്‍ണായകമായിരുന്നു