വിചിത്രനീക്കവുമായി യെദ്യൂരപ്പ , കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവർക്ക് മെയ് 31 വരെ പ്രവേശനം വിലക്കി കർണാടക സർക്കാർ
ബെംഗളൂരു: ഈ മാസം 31 വരെ കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകയിലേക്ക് പ്രവേശനമില്ല. നാലാം ഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയാണ് ഇക്കാര്യം അറിയിച്ചത്.
കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഭ്യന്തര രാജ്യാന്തര യാത്രക്കാര്‍ക്കാണ് കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനങ്ങള്‍ തമ്മില്‍ പരസ്പരം ധാരണയോടെ അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് അനുമതി നല്‍കാമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ച് ഞായറാഴ്ചകളില്‍ പൂര്‍ണ്ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്നും യെദ്യൂരപ്പ അറിയിച്ചു. കണ്ടെയിന്മെന്റ് സോണുകളില്‍ കര്‍ശമനമായ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും മറ്റിടങ്ങളില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളും അനുവദിക്കും. സംസ്ഥാനത്തിനകത്ത് ഓടുന്ന എല്ലാ ട്രെയിനുകളും അനുവദിക്കും.
എല്ലാ കടകളും തുറക്കാം. സംസ്ഥാനത്തിനകത്ത് ഓടുന്ന ട്രെയിന്‍ പോലെ തന്നെ സ്വകാര്യ-കെഎസ്ആര്‍ടിസി ബസുകള്‍ക്കും സര്‍വീസ് നടത്താന്‍ അനുമതിയുണ്ടെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.