കാസർകോട് / ആദൂർ : പാസ് ഇല്ലാതെ മുംബൈയിൽ നിന്നും വന്നയാളെ അതിർത്തി കടത്തി കേരളത്തിലെത്തിച്ച് കോൺഗ്രസ് നേതാവ്. കോൺഗ്രസ് നേതാവും ദേലംപാടി പഞ്ചായത്ത് അംഗവുമായ കൊറഗപ്പ റൈയ്ക്ക് എതിരായ പരാതിയിൽ ആദൂർ പൊലീസ് കേസെടുത്തു. മുംബൈയിൽ നിന്ന് പാസില്ലാതെ വന്ന ദേലംപാടി വന്ന മയ്യള സ്വദേശി ജഗന്നാഥ പൂജാരിക്ക് എതിരെയും കേസെടുത്തു. ഇരുവരെയും ഞായറാഴ്ച ഉച്ചയോടെ ക്വറന്റീനിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പുലർച്ചെ മുംബൈയിൽ നിന്ന് പാസില്ലാതെ പുറപ്പെട്ട ജഗന്നാഥ പൂജാരി വൈകിട്ടോടെ കർണാടകയിലെ സംപാജേ വനം വകുപ്പ് ചെക്ക് പോസ്റ്റിലെത്തി. പാസ്സ് ഇല്ലാത്തതിനാൽ പരിശോധനാ സംഘം യാത്ര തടഞ്ഞു. ഇവിടെ നിന്നാണ് കോൺഗ്രസ് നേതാവിനെ ബന്ധപ്പെടുന്നത്. രാത്രി പത്തോടെ വാഹനവുമായി സംപാജേയിലെത്തി ജനപ്രതിനിധിയെന്ന രീതിയിൽ അധികൃതരോട് സംസാരിച്ചു. പതിനൊന്നോടെ സുള്ള്യ വഴി യാത്ര ചെയ്ത് ഞായറാഴ്ച പുലർച്ചെ ദേലംപാടിയി മയ്യളയിലെത്തി. കേരളത്തിലെത്തിയ ശേഷം ഇക്കാര്യം ആരോഗ്യവകുപ്പിനെയോ പൊലീസിനെയോ അറിയിക്കാനും പഞ്ചായത്തംഗം തയ്യാറായില്ല. നാട്ടുകാരാണ് ആദൂർ സ്റ്റേഷനിൽ അറിയിച്ചത്. കോൺഗ്രസ് നേതാവ് വാഹനത്തിന്റെ ചെലവിന് പുറമെ തുക കൈപ്പറ്റിയതായും ആരോപണമുണ്ട്. ഞായറാഴ്ച രാവിലെ പോലീസ് മയ്യളയിലെ വീട്ടിലെത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്.