തിരുവനന്തപുരം- ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അമിതവില, കരിഞ്ചന്ത,പൂഴ്ത്തിവയ്പ്പ് എന്നിവ തടയാന്‍ സംസ്ഥാനത്ത് വിജിലന്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 70കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി വിജിലന്‍സ് എ.ഡി.ജി.പി അനില്‍ കാന്ത് അറിയിച്ചു. സംസ്ഥാനമൊട്ടാകെ 217 വ്യാപാര സ്ഥാപനങ്ങളിലാണ് കഴിഞ്ഞദിവസം പരിശോധന നടന്നത്.
പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 12ഉം കൊല്ലത്ത് 11ഉം വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. നിത്യോപയോഗ സാധനങ്ങള്‍ക്ക് കൂടുതല്‍ വില ഈടാക്കുന്നതായും, ചിലര്‍ വന്‍തോതില്‍ സാധനങ്ങള്‍ സംഭരിക്കുന്നതായും പരിശോധനയില്‍ വ്യക്തമായി. മിക്ക വ്യാപാര സ്ഥാപനങ്ങളിലും വില വിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ലെന്നും പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും അമിത വില ഈടാക്കുന്നതായും പരിശോധനയില്‍ തെളഞ്ഞു. വിജിലന്‍സ് ഐ.ജി എച്ച്.വെങ്കിടേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ വിജിലന്‍സ് ഇന്റലിജന്‍സ് എസ്.പി. ഇ.എസ്. ബിജുമോനും സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും വിജിലന്‍സ് യൂണിറ്റ് മേധാവികളും പങ്കെടുത്തു