സാമ്പത്തിക പാക്കേജ് നാലാം ഭാഗം; എട്ട് മേഖലകളിൽ ഘടനാപരമായ മാറ്റത്തിലൂടെ ഉൽപ്പാദനം വർധിപ്പിക്കുക ലക്ഷ്യം
സ്വയം പര്യാപ്ത ഇന്ത്യക്കായി എട്ട് മേഖലകളിലാണ് ഊന്നൽ നൽകുന്നത്. സ്വയം പര്യാപ്ത ഇന്ത്യക്കായി എട്ട് മേഖലകളിലാണ് ഊന്നൽ നൽകുന്നത്. കൂടുതൽ നിക്ഷേപം, കൂടുതൽ ഉൽപ്പാദനം, കൂടുതൽ തൊഴിൽ എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം
ന്യൂഡൽഹി : കൊവിഡ് സാമ്പത്തിക പാക്കേജിന്റെ നാലാം ഭാഗത്തിൽ ഭാവിയിൽ സ്വീകരിക്കേണ്ട സാമ്പത്തിക പരിഷ്കരണ നടപടികളെ കുറിച്ചാണ് കേന്ദ്രമന്ത്രി വിശദീകരിച്ചത്. പ്രധാനമന്ത്രി സൂചിപ്പിച്ച സ്വയം പര്യാപ്തത കൈവരിക്കുന്ന ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണ് ഇന്നത്തെ പ്രഖ്യാപനങ്ങൾ. ഇന്ത്യയെ കരുത്തുള്ളതാക്കുകയും സ്വന്തം മികവുകളിൽ ഊന്നിനിന്ന് മുന്നേറാൻ സഹായിക്കുന്നതാണ് ഇവയെന്നും ധനമന്ത്രി പറഞ്ഞു.
ആഗോള വെല്ലുവിളികൾ നേരിടാനായാലേ സ്വയം പര്യാപ്തമാകാൻ രാജ്യത്തിന് സാധിക്കൂവെന്ന് ധനമന്ത്രി പറഞ്ഞു. പരിഷ്കാരങ്ങൾക്ക് മുൻഗണന നൽകുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഘടനാപരമായ മാറ്റം, തൊഴിൽ സാധ്യത എന്നിവയാണ് ഇന്നത്തെ മുൻഗണന നൽകുന്നത്. കൂടുതൽ ഉൽപ്പാദനം ലക്ഷ്യമിടുന്നതിനും ജോലി ഉറപ്പാക്കുന്നതുമാണ് ഇതെന്നും അവർ പറഞ്ഞു.
ഇന്ത്യയെ ബിസിനസ് സൗഹൃദ ഇടമാക്കി മാറ്റണം. നിക്ഷേപ സൗഹൃദ രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ നിരവധി നടപടികളാണ് സ്വീകരിച്ചത്. വ്യാവസായിക മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകും. സംസ്ഥാനങ്ങളിൽ വ്യാവസായിക ക്ലസ്റ്ററുകളുടെ പരിഷ്കരണത്തിനായി നേരിടുന്ന വെല്ലുവിളികൾ പരിഹരിച്ച് പൊതുവായ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. വ്യാവസായി ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന ലാന്റ് ബാങ്ക് തയ്യാറാക്കും. ഇത് വ്യാവസായിക വിവര സംവിധാനം വഴി ജിഐഎസ് മാപ്പിങിന്റെ സംവിധാനത്തോടെ എല്ലാവർക്കും ലഭ്യമാക്കും.
സ്വയം പര്യാപ്ത ഇന്ത്യക്കായി എട്ട് മേഖലകളിലാണ് ഊന്നൽ നൽകുന്നത്. സ്വയം പര്യാപ്ത ഇന്ത്യക്കായി എട്ട് മേഖലകളിലാണ് ഊന്നൽ നൽകുന്നത്. കൂടുതൽ നിക്ഷേപം, കൂടുതൽ ഉൽപ്പാദനം, കൂടുതൽ തൊഴിൽ എന്നതാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. കൽക്കരി, ധാതു, വ്യോമയാനം, പ്രതിരോധ ഉൽപ്പാദനം, വൈദ്യുതി വിതരണം തുടങ്ങിയ മേഖലകളിലാണ് ഇന്നത്തെ പ്രഖ്യാപനം ഊന്നൽ നൽകുന്നത്.
കൽക്കരി രംഗത്ത് വാണിജ്യവത്കരണത്തിനാണ് നീക്കം. മേഖലയിൽ സർക്കാരിനുള്ള കുത്തക അവകാശം നീക്കും. സ്വകാര്യ മേഖലയുടെ പങ്കാളിത്തം കൊണ്ടുവരും. മത്സരം വർധിപ്പിക്കാനും സുതാര്യത ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും. ടണ്ണിനെ അടിസ്ഥാനമാക്കിയുള്ള വരുമാനം മാറ്റും. വരുമാനം സ്വകാര്യ മേഖലയുമായി പങ്കുവക്കും. ലോകത്ത് കൽക്കരി സമ്പത്തുള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. എന്നിട്ടും ഇപ്പോഴും കൽക്കരി ഇറക്കുമതി ചെയ്യുന്നുണ്ട്. കൽക്കരി മേഖലയിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്. പരിസ്ഥിതിയെ കൂടി പരിഗണിച്ചേ തീരുമാനം ഉണ്ടാകൂ. 50000 കോടി രൂപ മേഖലയിൽ അടിസ്ഥാന സൗകര്യ വികസനത്തിനായി ചിലവഴിക്കുമെന്നും മന്ത്രി പറഞ്ഞു.
ധാതു ഖനനത്തിൽ വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കാനാണ് ലക്ഷ്യം. നടപടികൾ എളുപ്പമാക്കാൻ സംയോജിത ലേലത്തിന് നീക്കം. പര്യവേഷണവും ഖനനവും എല്ലാം പലർ ചെയ്യുന്ന രീതി മാറ്റും. 500 ഖനന ബ്ലോക്കുകൾ സുതാര്യമായ ലേലത്തിലൂടെ സ്വകാര്യ മേഖലയ്ക്ക് വിട്ടുകൊടുക്കും. അലുമിനിയം വ്യവസായ മേഖലയെ സഹായിക്കാൻ ബോക്സൈറ്റും കൽക്കരിയും ഖനനം ചെയ്യാൻ അനുവാദം നൽകും. ഇത് അലുമിനിയം വ്യവസായത്തിൽ വൈദ്യുതി ഉപഭോഗത്തിന്റെ ചെലവ് കുറയ്ക്കും.
പ്രതിരോധ രംഗത്ത് മേക്ക് ഇൻ ഇന്ത്യ
പ്രതിരോധ സാമഗ്രികളുടെ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. ഇതിനായി ഈ മേഖലയിൽ മേക്ക് ഇൻ ഇന്ത്യ നടപ്പിലാക്കും. ഓരോ വർഷവും നിശ്ചിത ആയുധങ്ങൾക്കും മറ്റും ഇറക്കുമതി വിലക്കും. ഇറക്കുമതി ചെയ്യുന്ന സ്പെയറുകൾ തദ്ദേശീയമായി നിർമിക്കും. ആഭ്യന്തര മൂലധന സമാഹരണത്തിനായി പ്രത്യേക ബജറ്റ് പ്രൊവിഷൻ ഉണ്ടാകും. ഇതിലൂടെ പ്രതിരോധ മേഖലയ്ക്കുള്ള ഉയർന്ന ഇറക്കുമതി ചെലവ് കുറയ്ക്കാനാവും. ഓർഡനൻസ് ഫാക്ടറി ബോർഡ് കോർപറേറ്റ് വത്കരണം സാധ്യമാക്കും. ഇത് സ്വകാര്യവത്കരണം അല്ലെന്നും കേന്ദ്രമന്ത്രി പ്രത്യേകം വ്യക്തമാക്കി. മേഖലയിൽ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി 49 ശതമാനത്തിൽ നിന്ന് 74 ശതമാനത്തിലേക്ക് ഉയർത്തും. എല്ലാ ക്ലിയറൻസുകളും അടിസ്ഥാനമാക്കിയാവും ഇതെന്നും അവർ വ്യക്തമാക്കി. സമയ ബന്ധിതമായി പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്ന നടപടികൾ പൂർത്തിയാക്കും.
വ്യോമയാന രംഗത്ത് കാര്യക്ഷമത ഉറപ്പാക്കും, ചെലവ് കുറയ്ക്കും
ഇന്ത്യയിൽ 60 ശതമാനം വ്യോമ മേഖല ഇപ്പോൾ മാത്രമേ സ്വതന്ത്രമായി ഉപയോഗിക്കാനാവൂ. ഈ മേഖലയിലെ നിയന്ത്രണങ്ങൾ ലഘൂകരിക്കും. ഇന്ധന ഉപഭോഗത്തിലും സമയത്തിലും കുറവുണ്ടാകും. വിമാനങ്ങൾക്ക് വേഗത്തിൽ ലക്ഷ്യത്തിലെത്താനാവും. ആയിരം കോടി രൂപ ഇതിലൂടെ വ്യോമയാന രംഗത്ത് ചിലവ് കുറയ്ക്കാനാവും. ഇത് പരിസ്ഥിതി സൗഹൃദ നടപടി കൂടിയാവും. കൂടുതൽ വിമാനങ്ങൾ വരും.
കൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യ മേഖലയ്ക്ക് നൽകും. എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 2300 കോടിയുടെ നേട്ടമുണ്ടാകും. വിമാന എഞ്ചിൻ കമ്പനികൾ അറ്റകുറ്റപ്പണിക്കായി കേന്ദ്രം ഇന്ത്യയിൽ തുടങ്ങും. പ്രതിരോധ മേഖലയിലെ സൗകര്യങ്ങൾ സിവിൽ മേഖലയിൽ കൂടി ഉപയോഗിച്ച് വിമാനക്കമ്പനികളുടെയും മറ്റും ചിലവ് കുറയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം.
വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യ മേഖലയ്ക്ക്
കേന്ദ്രഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണ കമ്പനികൾ സ്വകാര്യ വത്കരിക്കും. വൈദ്യുതി വിതരണ കമ്പനികൾ നഷ്ടത്തിലാണെന്ന് നേരത്തെ കേന്ദ്രം സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ വത്കരണത്തിനുള്ള തീരുമാനം. സർക്കാർ കമ്പനികളാണ് വൈദ്യുതി വിതരണം നടത്തുന്നത്. സംസ്ഥാനങ്ങളിലെ കമ്പനികളെ സ്വകാര്യ വത്കരിക്കാനുള്ള നടപടികളുടെ തുടക്കമാണിത്. ഉപഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വകാര്യ മേഖല വന്നാൽ മത്സരം വർധിക്കും. ലാഭം ഉണ്ടാകും. ഇത് ഉപഭോക്താക്കൾക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.