കക്കുക ,മുക്കുക ,നക്കുക ,മൂന്നിന അജണ്ടയുമായി കാസർകോട് നഗരസഭ ,കക്കൂസ് മാലിന്യം ഓവുചാലിൽ ഒഴുക്കിവിട്ട ജുവല്ലറി ഉടമയെ സംരക്ഷിക്കാൻ കോവിഡിനെ മറയാക്കി ചെയർപേഴ്സണും സംഘവും ,അഴിമതി ചോദ്യം ചെയ്താൽ ലീഗ് വിരുദ്ധമെന്ന് മുദ്രകുത്തൽ
കാസർകോട് : മുനിസിപ്പാലിറ്റി സ്ഥാപിച്ച ഓവുചാലിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിവിട്ട കേസുകളിൽ മുനിസിപ്പൽ സെക്രെട്ടറി ചുമത്തിയ പിഴ വഴിവിട്ട നടപടികളിലൂടെ നഗരസഭാധ്യക്ഷ ഒഴിവാക്കി കൊടുക്കാൻ ശ്രമിക്കുന്നതായി ആരോപണം.നഗരത്തിലെ എം.ജി.റോഡിൽ പ്രവർത്തിക്കുന്ന സുൽത്താൻ ഗോൾഡ് ജൂവല്ലറിയിൽ സെക്രെട്ടറി നേരിട്ടെത്തി പിടികൂടിയ നിയമലംഘനത്തിനാണ് കോവിഡിന്റെ മറവിൽ സഭാ അധ്യക്ഷ വഴിവിട്ട് സ്റ്റേ നൽകിയതെന്നാണ് ഇതിനകം ഉയർന്ന ആരോപണം.പൊതു സ്ഥലത്തെ ഓവുചാലിൽ മാലിന്യം ഒഴുക്കി നിയമം ലംഘിച്ചതിന് 75000 രൂപ പിഴയടക്കണമെന്ന ഉത്തരവാണ് ഇപ്പോൾ ചെയർ പേഴ്സൺ ബീഫാത്തിമ ഇബ്രാഹിം തടഞ്ഞുവെച്ചിരിക്കുന്നത്, ചെയര്പേഴ്സന്റെ ഈ വിചിത്ര നടപടി ഓഫീസ് അധികൃതരെ ഞെട്ടിച്ചിരിക്കുകയാണ്.
എം.ജി.റോഡിൽ പ്രവർത്തിക്കുന്ന സുൽത്താൻ ഗോൾഡ് കെട്ടിടത്തിലാണ് ജനവരി 15 ന് പുലർച്ചെ രണ്ടരക്ക് മിന്നൽ പരിശോധന നടന്നത്.കെട്ടിടത്തിന് പിന്നിലെ മാലിന്യ ടാങ്കിൽനിന്ന് 56 മീറ്റർ നീളമുള്ള പ്രത്യേക പൈപ്പിട്ടാണ് മുനിസിപ്പാലിറ്റിയുടെ ഓവുചാലിലേക്ക് കക്കൂസ് മാലിന്യം തള്ളിയത്.ഇതിനായി മൂന്ന് കുതിരശക്തിയുള്ള മോട്ടോറാണ് ഉപയോഗിച്ചത്.മാത്രമല്ല, അനുമതിയില്ലാതെ കെട്ടിടത്തിൽ താമസസൗകര്യവും മെസ്സും ഏർപ്പെടുത്തിയിരുന്നത് പരിശോധനയിൽ തെളിഞ്ഞു.ഇതിന് നഗരസഭയുടെയോ ഫയർ ഫോഴ്സിന്റെയോ അനുമതിയും ഉണ്ടായിരുന്നില്ല.പിടികൂടിയ കുറ്റം ഗൗരവതരമായതുകൊണ്ട് കേസ് ബന്ധപ്പെട്ട കോടതിക്ക് കൈമാറുമെന്ന് ഹെൽത് സൂപ്രണ്ട് എ കെ . ദാമോദരൻ അന്ന് വ്യക്തമാക്കിയിരുന്നു..മുനിസിപ്പൽ ആക്ട് 334 ,340 എ ,337 ,440 ,447 ,448 പ്രകാരമാണ് സുൽത്താനെതിരെ കേസെടുതിരുന്നത് .കാൽ ലക്ഷം രൂപ മുതൽ ഒരുലക്ഷം രൂപവരെ പിഴയും ആറുമാസം തടവുമാണ് കുറ്റം തെളിഞ്ഞാൽ ശിക്ഷ.ഇത്തരം നിയമലംഘനങ്ങൾക്ക് യാതൊരുവിധ ഇളവും അനുവദിക്കില്ലെന്നും മുനിസിപ്പൽ സെക്രെട്ടറി മുന്നറിയിപ്പ് നൽകിയിരുന്നതാണ്
അതേസമയം ജുവല്ലറി ഉടമ നാണംകെട്ട കേസിൽ അകപ്പെട്ട ഉടൻ ഇദ്ദേഹത്തെ രക്ഷിക്കാൻ ഭരണ കക്ഷി പാർട്ടിയിലെ ഉന്നതരും ഒരു ജനപ്രതിനിധിയും ഓഫീസിൽ വൻ സമ്മർദം ചെലുത്തിയിരുന്നെങ്കിലും സെക്രെട്ടറി വഴങ്ങിയിരുന്നില്ല.ഇതേതുടർന്ന് ഇതിന്റെ ഫയൽ പൂഴ്ത്തിവെച്ച് നടപടി വൈകിപ്പിക്കുകയും കോവിഡിന്റെ മറവിൽ ഈ ഫയലിൽ നഗരസഭാധ്യക്ഷ ഇപ്പോൾ സ്റ്റേ ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം.ഇതുസംബന്ധിച്ച ഫയലുകൾ കൈകാര്യം ചെയ്യുന്ന ക്ലർക്കിനെ മാറ്റണമെന്ന് ആവശ്യം ഉയർന്നിട്ടും ഭരണസമിതിയിലെ ചിലർ ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
മഴവെള്ളം ഒഴുക്കിക്കളയാൻ സ്ഥാപിച്ച ഓവുചാലുകളിലേക്ക് കെട്ടിട ഉടമകളും ഹോട്ടലുകാരും കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത് വര്ഷങ്ങളായി തുടരുന്നതിനിടയിലാണ് ജൂവലറിയിലെ നിയമലംഘനം പിടികൂടിയത്. നേരത്തെ നഗരത്തിലെ ഓവുചാലുകൾ ഉദ്യോഗസ്ഥരുടെ പണം കായ്ക്കുന്ന മരമായിരുന്നു.ചില്ലറതടയുമ്പോൾ എല്ലാം കാണാതിരുന്ന ഓഫീസിലെ ചിലർ തുടർന്ന പ്രവണതയാണ് പുതിയ സെക്രട്ടറി പൊളിച്ചുകളഞ്ഞത്.സെക്രട്ടറിയുടെ ഈ ധീരമായ നടപടിയാണ് ഭരണ കക്ഷിയിലെ ചെയര്പേഴ്സണും ഞായറാഴ്ച വക്കീലും അടങ്ങുന്ന ഗൂഢസംഘം അട്ടിമറിക്കുന്നത്.ഇതിന് പിന്നിൽ മഞ്ഞലോഹത്തിൽ പൊതിഞ്ഞ സാമ്പത്തിക താത്പര്യമാണുള്ളതെന്ന് പരക്കെ ചർച്ചയായായിട്ടുണ്ട്.കക്കുക ,മുക്കുക ,നക്കുക എന്ന മൂന്നിന് അജണ്ടയിലാണ് നഗരഭരണം നടപ്പാക്കുന്നതെന്നാണ് പൊതുസമൂഹത്തിന്റെ വിലയിരുത്തൽ.
(നാളെ കോവിഡ് പ്രവർത്തനം പാളി ,നഗരസഭക്ക് നഷ്ടമായത് ഒന്നരക്കോടി )