കണ്ണൂര്‍ വിമാനത്താവളത്തില്‍ ബാഗേജുകളിലെ അണു നശീകരണത്തിനായി കെല്‍ട്രോണ്‍ വികസിപ്പിച്ച യന്ത്രം സ്ഥാപിച്ചു
യുവി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചു. ഉടന്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ സ്ഥാപിക്കുമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ അറിയിച്ചു.
കണ്ണൂര്‍: കോവിഡ് രോഗ വ്യാപന ഭീതിയില്‍ വിദേശത്തു നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാരുടെ ബാഗേജുകള്‍ അണുവിമുക്തമാക്കാന്‍ അത്യാധുനിക സംവിധാനവുമായി പൊതു മേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍. ഇതിനായികെല്ട്രോണ് അള്‍ട്രാ വയലറ്റ് ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ (യുവി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍) എന്ന യന്ത്രമാണ് തയ്യാറാക്കിയത്.
ഇത് പരീക്ഷണാടിസ്ഥാനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചു. ഉടന്‍ തന്നെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ സ്ഥാപിക്കുമെന്ന് കെല്‍ട്രോണ്‍ അധികൃതര്‍ അറിയിച്ചു. കോവിഡ് 19 നെ തുടര്‍ന്ന് വിദേശത്ത് നിന്ന് മലയാളികളെ വ്യാപകമായി നാട്ടിലെത്തിക്കുന്ന സാഹചര്യത്തിലാല്‍ രോഗപ്രതിരോധം ശക്തമാക്കാനാണ് കെല്‍ട്രോണ്‍ പുതിയ യന്ത്ര സംവിധാനം കണ്ടു പിടിച്ചത്.
വിദേശത്തുനിന്ന് കഴിഞ്ഞ 12ന് കണ്ണൂരില്‍ എത്തിയ ആദ്യ വിമാനത്തിലെ യാത്രക്കാരുടെ ബഗേജുകള്‍ അണുവിമുക്തമാക്കാന്‍ ഈ ഉപകരണം ഉപയോഗിച്ചിരുന്നു. ബാഗേജുകള്‍ ഉപകരണത്തിലെ ടണലിലൂടെ കടന്നുപോകുമ്പോള്‍ വിവിധ കോണുകളില്‍ നിന്ന് അള്‍ട്രാ വയലറ്റ് റേഡിയേഷന് വിധേയമാക്കും. ഈ പ്രക്രിയയിലൂടെ ബഗേജ് പൂര്‍ണ്ണമായും അണുവിമുക്തമാകും. ഇതിനു ശേഷമാണ് വിമാനത്താവളങ്ങളിലെ സാധാരണ എക്സ്റേ സ്കാനറുകളിലേക്ക് ബാഗേജ് എത്തുക.
സ്വയംപ്രവര്‍ത്തിക്കുന്ന യുവി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ എയര്‍പോര്‍ട്ടിലെ ബാഗേജ് റാമ്പിന്റെ സജ്ജീകരണങ്ങളുമായി അനായാസം കൂട്ടിയോജിപ്പിക്കാം. ഉപകരണത്തിന്റെ രൂപകല്പനയിലും സാങ്കേതികവിദ്യയിലും അവ സ്ഥാപിക്കുന്ന സ്ഥലങ്ങള്‍ക്ക് അനുസരിച്ച് ക്രമീകരണം വരുത്താം.
കോവിഡ് 19 പ്രതിരോധത്തിന് ആവശ്യമായ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴില്‍ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന നേവല്‍ ഫിസിക്കല്‍ ആന്റ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി (എന്‍പിഒഎല്‍) യുമായി കെല്‍ട്രോണ്‍ ബന്ധപ്പെടുകയും എന്‍പിഒഎല്ലിന്റെ സാങ്കേതിക സഹായത്തോടയാണ് യുവി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ നിര്‍മിക്കുകയുമായിരുന്നു. അരൂരിലെ കെല്‍ട്രോണ്‍ കണ്ട്രോള്സ് യൂണിറ്റിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. വ്യാവസായികാടിസ്ഥാനത്തില്‍ യുവി ബാഗേജ് ഡിസ്ഇന്‍ഫെക്ടര്‍ തയ്യാറാക്കാന്‍ കെല്‍ട്രോണിന് പദ്ധതിയുണ്ട്. ഇതു വിദേശ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് കയറ്റി അയക്കാനാണ് പദ്ധതി.