വകതിരിവില്ലാത്ത നടപടി,മഞ്ചേശ്വരത്തെ സി.പി.എം നേതാവിനെപാർട്ടി തള്ളിപ്പറഞ്ഞു,ക്വാറന്റൈന് ലംഘിച്ചത് ന്യായീകരിക്കാനാവില്ല: ഉചിതമായ നിയമനടപടിക്ക് എതിരഭിപ്രായമില്ലെന്ന് ജില്ലാ സെക്രട്ടറി
കാസർകോട് : ക്വാറന്റൈന് ലംഘിച്ച സി.പി.എം നേതാവിനെ പരസ്യമായി തള്ളി പാര്‍ട്ടി. നേതാവിന്റെ ഭാഗത്തുണ്ടായ തെറ്റ് പാര്‍ട്ടി ന്യായീകരിക്കില്ലെന്ന്ജി ല്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന് വ്യക്തമാക്കി.
ഏത് തരത്തിലുള്ള നിയമനടപടി എടുക്കാനും പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതരമായ തെറ്റാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
മെയ് നാലിനാണ് റെഡ്സോണായ മഹാരാഷ്ട്രയില്‍ നിന്നും സിപിഎം പ്രവര്‍ത്തകന്റെ ബന്ധു എത്തിയത്.നിയമാനുസൃതമല്ലാത്ത മാര്‍ഗത്തിലൂടെ എത്തിയ ബന്ധുവിനെ സിപിഎം പ്രവര്‍ത്തകനും ഭാര്യയും കാറില്‍ ചെന്ന് കൂട്ടുകയായിരുന്നു.
14 ദിവസമായിരുന്നു ബന്ധുവിന്റെ ക്വാറന്റൈന്. ഇദ്ദേഹവുമായി അടുത്തിടപഴകിയ പൊതുപ്രവര്‍ത്തകനും 14 ദിവസത്തെ ക്വാറന്റൈന് ആവശ്യമാണ്. എന്നാല്‍ ക്വാറന്റൈന് കാലയളവില്‍ ഇദ്ദേഹം പുറത്തിറങ്ങി നടക്കുകയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു.കൂടാതെ മരണവീടും ഇയാള്‍ സന്ദര്‍ശിച്ചിരുന്നു.
ആരോഗ്യവകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ചുകൊണ്ടായിരുന്നു സിപിഎം നേതാവിന്റെ ഇടപെടല്‍.മഞ്ചേശ്വരം പൊലീസാണ് പൊതുപ്രവര്‍ത്തകനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. എപ്പിഡമിക്ക് ആക്റ്റ് പ്രകാരമാണ് കേസ്.ഈ പശ്ചാത്തലത്തിലാണ് പാര്‍ട്ടി ഇദ്ദേഹത്തെ കൈവിട്ടത് .
നേതാവിന്റെ ഭാര്യ നിലവിൽ പൈവളിഗെ ഗ്രാമപഞ്ചായത്ത് അംഗമാണ്.നേതാവ് നേരത്തെ ഒന്നിലേറെ തവണ പഞ്ചായത്ത് അംഗമായിരുന്നു. ഏരിയ സെക്രെട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.