കാസർകോടിനെ വീണ്ടും കോവിട് പ്രതിസന്ധിയിലാക്കിയതിന്റെ ഉത്തരവാദി സി.പി.എം : ബി.ജെ.പി ജില്ലാ പ്രസിഡണ്ട് ശ്രീകാന്ത്
പാസ് പോലും ഇല്ലാത്ത ആളെ മുംബൈയിൽ നിന്ന് ചരക്കുലോറി ക്ലീനറെന്ന വ്യാജേന കേരളത്തിലേക്കു കടത്തുകയും സിപിഎം നേതാവ് മഞ്ചേശ്വരം തലപ്പാടി അതിർത്തിയിൽ പോയി കാറിൽ കൂട്ടിക്കൊണ്ടുവരികയും ചെയ്ത സംഭവം ഗുരുതര വീഴ്ചയാണ്.
കാസർകോട് :സിപിഎം നേതാവ് തന്റെ ഭരണസ്വാധീനം ഉപയോഗപ്പെടുത്തി മുംബൈയിൽ നിന്നുള്ള ബന്ധുവിനെ ജില്ലയിലേക്ക് കടത്തിയതിന്റെ പരിണിത ഫലമാണ് ഇപ്പോൾ കാസർകോട് നേരിടുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത്. പാസ് പോലും ഇല്ലാത്ത ആളെ മുംബൈയിൽ നിന്ന് ചരക്കുലോറി ക്ലീനറെന്ന വ്യാജേന കേരളത്തിലേക്കു കടത്തുകയും സിപിഎം നേതാവ് മഞ്ചേശ്വരം തലപ്പാടി അതിർത്തിയിൽ പോയി കാറിൽ കൂട്ടിക്കൊണ്ടുവരികയും ചെയ്ത സംഭവം ഗുരുതര വീഴ്ചയാണ്.
മുംബെയിൽ നിന്നു വന്നയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിപിഎം നേതാവിനും ഭാര്യയ്ക്കും രണ്ടു മക്കൾക്കും കോവിഡ് പോസിറ്റീവായി. അധികാര സ്വാധീനം ഉപയോഗിച്ച് സിപിഎം നേതാക്കൾ നിയമലംഘനം നടത്തുകയാണ്. അതിർത്തിയിൽ പാർട്ടി താൽപര്യമുള്ളവരെ എളുപ്പത്തിൽ കടത്തിവിടുകയും അല്ലാത്തവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു.
രോഗികളുടെ എണ്ണം കുറഞ്ഞ് ജില്ല മെച്ചപ്പെട്ട സ്ഥിതിയിലായ അവസരത്തിലാണ് സിപിഎം നേതാവിന്റെ നടപടി വീണ്ടും കാസർകോടിനെ വീർപ്പുമുട്ടിക്കുന്നത്.. അധികൃതരുടെ വീഴ്ച കാസർകോട് ജില്ലയെ വീണ്ടും മുൾമുനയിലാക്കി. സിപിഎം പ്രവർത്തകൻ സന്ദർശിച്ചതിന്റെ പേരിൽ ജില്ലാ ആശുപത്രിയിലെ ജീവനക്കാർ നിരീക്ഷണത്തിലായി. ആശുപത്രി പോലും അടച്ചിടേണ്ട സാഹചര്യത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരും സിപിഎമ്മും ഇക്കാര്യത്തിലുണ്ടായ വീഴ്ച തുറന്നു പറയണം– ശ്രീകാന്ത് ആവശ്യപ്പെട്ടു.