രോഗഭീതി പടരുന്നു ,പൈവളികെ പഞ്ചായത്ത് ഓഫീസ് അടച്ചു; പ്രസിഡണ്ട് അടക്കം നിരീക്ഷണത്തില്‍
പ്രാദേശിക നേതാവിനും പഞ്ചായത്ത് അംഗമായ അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്.
മഞ്ചേശ്വരം: പൈവളികെ പഞ്ചായത്ത് അംഗത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് ഓഫീസ് പൂട്ടി. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, സെക്രട്ടറി, മുന്‍ പ്രസിഡണ്ട്, ഏതാനും അംഗങ്ങള്‍, പഞ്ചായത്ത് ഓഫീസിന്റെ വാഹന ഡ്രൈവര്‍ എന്നിവര്‍ അടക്കമുള്ളവര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ ഒരു പ്രാദേശിക നേതാവിനും പഞ്ചായത്ത് അംഗമായ അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് അടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്. ഇന്ന് പഞ്ചായത്ത് ഓഫീസ് തുറന്നിട്ടില്ല. തല്‍ക്കാലത്തേക്ക് ഓഫീസ് തുറക്കേണ്ടതില്ലെന്നാണ് ബന്ധപ്പെട്ടവരുടെ നിര്‍ദ്ദേശം.
പഞ്ചായത്ത് പ്രസിഡണ്ട് ഭാരതി ഷെട്ടി, വൈസ് പ്രസിഡണ്ട് സുനിത, മുന്‍ പ്രസിഡണ്ട് ജയലക്ഷ്മി, പഞ്ചായത്ത് സെക്രട്ടറി രാജീവന്, ഡ്രൈവര്‍ ഹമീദ് എന്നിവരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇവര്‍ ഇന്ന് ഉച്ചയോടെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ എത്തി പരിശോധനക്ക് വിധേയരായി. ഈ മാസം ഏഴിന് പഞ്ചായത്ത് ഓഫീസില്‍ നടന്ന മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ച പഞ്ചായത്ത് അംഗം പങ്കെടുത്തിരുന്നു. അന്ന് യോഗത്തില്‍ ഉണ്ടായിരുന്ന അംഗങ്ങളും നിരീക്ഷണത്തിലാണ്