രണ്ടാഴ്ചത്തെ ക്വാറന്റൈൻ തന്നെ വേണം : , സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിയെന്നും ഹൈക്കോടതിയിൽ കേന്ദ്രം : കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും
കൊച്ചി: പ്രവാസികൾ വീട്ടിലെത്തുംമുമ്പ് രണ്ടാഴ്ചത്തെ ക്വാറന്റൈൻ നിർബന്ധമാക്കണമെന്ന ആവശ്യത്തിൽ സംസഥാന സർക്കാരിന് മറുപടി നൽകാൻ ഹൈക്കോടതി ചൊവ്വാഴ്ച വരെ സമയം നൽകി. രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണമെന്നാണ് നിലപാടെന്ന് കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. ഈ വ്യവസ്ഥ മാറ്റണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിയതായും കേന്ദ്രം അറിയിച്ചു.
ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ മറുപടിയ്ക്കായി മാറ്റിയത്. ഉടൻ തന്നെ ഉത്തരവ് വേണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജ. അനു ശിവരാമൻ, ജ.എം ആർ അനിത എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേന്ദ്രം രണ്ടാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ നിർബന്ധമാക്കിയിട്ടും സംസ്ഥാന സർക്കാർ ഏഴുദിവസം മാത്രമാണ് നിർദേശിക്കുന്നതെന്നായിരുന്നു ഹർജിക്കാരുടെ പരാതി.