കാസർകോട് : കോവിഡിനെ സാമൂഹിക വ്യാപനത്തിലേക്ക് തുറന്ന് വിടാതെ കര്‍ശനമായ നിരീക്ഷണങ്ങളോടെ പിടിച്ചു നിര്‍ത്തുന്നതില്‍ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ നടത്തിയ സേവനം ലോകരാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണ്. ആരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ ഇത്തരം കേന്ദ്രങ്ങള്‍ വളരെ വലിയ പങ്കാണ് നിര്‍വഹിക്കുന്നത്. ജനസാന്ദ്രതാ മേഖലകളില്‍ സാമൂഹിക വ്യാപനം തടഞ്ഞ് എങ്ങനെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്താമെന്നാണ് ചെങ്കളയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം കാണിച്ചു തരുന്നത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയിലും അരലക്ഷത്തിലേറെ വരുന്ന ജനസംഖ്യയില്‍ സാമൂഹിക വ്യാപനത്തിനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കി പ്രചോദനാത്മകമായ മാതൃകയാണ് ഈ ആരോഗ്യ കേന്ദ്രം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടത്തില്‍ ഇവിടെ കോവിഡ് രോഗികളുടെ എണ്ണം 27 ല്‍ നിന്നാണ് പൂജ്യത്തിലേക്കെത്തിയത്. 2011ലെ സെന്‍സസ് പ്രകാരം 57,756 ആണ് ചെങ്കള പഞ്ചായത്തിലെ ജനസംഖ്യ. ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും ജനസാന്ദ്രതാ മേഖലകളിലൊന്നുമായ പഞ്ചായത്ത്. ജില്ലയില്‍ ചെമ്മനാടിനും കാസര്‍കോട് നഗരസഭക്കും ശേഷം ഏറ്റവും കൂടുതല്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതും ഇവിടെയായിരുന്നു. ഗള്‍ഫില്‍ നിന്നും വന്ന 15 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ 12 പേര്‍ക്കുമാണ് രോഗമുണ്ടായത്. ഇവരുടെ പ്രഥമ സമ്പര്‍ക്കപ്പട്ടികയില്‍ 169 പേരെയും ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ 73 പേരെയും ശ്രമകരമായി കണ്ടെത്തി. തുടര്‍ പരിശോധനയുള്‍പ്പെടെ ഇതില്‍ 321 സ്രവപരിശോധനകള്‍ നടത്തി. 17ാം വാര്‍ഡായ ബേവിഞ്ചയിലായിരുന്ന ഏറ്റവും കൂടുതല്‍ കോവിഡ്ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ പത്ത് പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
സാമൂഹിക വ്യാപനമെന്ന ആശങ്ക
ജില്ലയില്‍ കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിലേക്കെത്തിയപ്പോള്‍ ഈ ജനസാന്ദ്രതാ മേഖലയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരവധി പ്രതിസന്ധികളാണ് തരണം ചെയ്യേണ്ടിയിരുന്നത്. ചെറിയൊരു പാളിച്ച സാമൂഹിക വ്യാപനത്തിന് കാരണമാകാവുന്ന സ്ഥിതി. ജില്ലാ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ പോലീസിന്റെയും പഞ്ചായത്തിന്റെയും പിന്തുണയോടെ കോവിഡിനെ തുടരത്താന്‍ വ്യാപകമായ പ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്തത്. കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത വാര്‍ഡിലെ എല്ലാ വാര്‍ഡുകളിലും സര്‍വേ നടത്തി. ഹൈ റിസ്ക് വിഭാഗത്തിലുള്ളവരും രോഗലക്ഷണമുള്ളവരെയും കണ്ടെത്തി. ഈ സര്‍വേയില്‍ 1136 വീടുകളില്‍ നിന്നും 69 പേരെയാണ് സ്രവപരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരുടെയെല്ലാം റിസള്‍ട്ട് നെഗറ്റീവ് ആയത് ആശ്വാസമായി. ഇതോടൊപ്പം സാമൂഹിക വ്യാപനമുണ്ടോയെന്ന് മനസിലാക്കുന്നതിനായി കോവിഡ് വളണ്ടിയര്‍മാര്‍, കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തകര്‍, പോലീസ്, റേഷന്‍ കട ജീവനക്കാര്‍, വ്യാപാരികള്‍, ജനപ്രതിനിധികള്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സ്രവപരിശോധനയും നടത്തി.
ആദ്യഘട്ടത്തില്‍ 387 പ്രവാസികളാണ് പഞ്ചായത്തിലേക്ക് തിരിച്ചെത്തിയത്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 127 പേരും എത്തി. ഇങ്ങനെയെത്തിയവരും സമ്പര്ക്കപ്പട്ടികയിലുള്ളവരുമായ 756 പേരെയാണ് നേരത്തേ റൂം ക്വാറന്റൈനിലാക്കിയത്. ഈയിടെ സംസ്ഥാന സര്‍ക്കാരിന്റെ പാസുമായി ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ 106 പേരെയും ക്വാറന്റൈന് ചെയ്തിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്കും സംരക്ഷണ വലയം
സര്‍ക്കാരിന്റെ പ്രഖ്യാപിത നയത്തിനനുസരിച്ച് യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് അതിഥി തൊഴിലാളികള്‍ക്ക് കോവിഡില്‍ നിന്നും സംരക്ഷണ വലയം തീര്‍ത്തത്. പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ് 546 പേരെയും നിരീക്ഷിച്ച് സംശയമുള്ളവരെയെല്ലാം പരിശോധനയ്ക്ക വിധേയമാക്കി. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തൊഴിലാളി ക്യാമ്പുകള്‍ നിരന്തരം സന്ദര്‍ശനം നടത്തി. പരിശോധനയ്ക്കിടയില്‍ വിരള്ച്ച രോഗം കണ്ടെത്തിയ കര്‍ണാടക സ്വദേശിനിക്ക് ജില്ലാ ആശുപത്രിയില്‍ ഒരാഴ്ചയോളമാണ് ചികിത്സ ലഭ്യമാക്കിയത്. തുടര്‍ന്ന് ആരോഗ്യവതിയായി ഇവര്‍ തിരിച്ചെത്തിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷറഫ് പറഞ്ഞു
കോവിഡ് പ്രതിരോധത്തിന് വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്ത് വരുന്നത്. ജനജാഗ്രതാ സമിതികള്‍ നേരത്തേ തന്നെ സജീവമായിരുന്നതിനാല്‍ പ്രവര്‍ത്തനങ്ങള്‍ എളുപ്പമാക്കി. സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ പൊതുയിടങ്ങളിലും വീടുകളിലും മറ്റും അണുനശീകരണം നടത്തി. വ്യാപകമായ സര്‍വേ നടത്തി കോവിഡ് നിര്‍വ്യാപനത്തിന് ആവശ്യമായ പട്ടിക തയ്യാറാക്കി. കോവിഡ് പ്രതിരോധത്തിന് പൊതുജനങ്ങളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിച്ചത്. കൊറോണ വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സാമൂഹിക അകലം കൃത്യമായി പാലിച്ച് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി നേരെ വീടിനടുത്തുള്ള ഷെഡില്‍ കയറി ഐസൊലേഷനില്‍ കഴിഞ്ഞ നെക്രാജെ അറാട്ട് കടവിലെ അബൂബക്കറെന്ന യുവാവിന്റെ കഥ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. കൈകഴുകലിനും വ്യക്തി ശുചിത്വം പാലിക്കുന്നതിനും ശാരീരിക അകലം പാലിക്കുന്നതിനും ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ബോധവല്‍ക്കരണം നടത്തി.
മൂന്നാം ഘട്ടത്തിലും അതീവ ജാഗ്രതയില്‍
27 പോസിറ്റീവ് കേസുകളുമായി കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പകച്ചു നിന്നെങ്കിലും സമാനതകളില്ലാത്ത പ്രവര്‍ത്തനം കൊണ്ട് കോവിഡ് മഹാമാരിയെ അതിജീവിച്ച പ്രദേശമായി ചെങ്കള മാറിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം പറഞ്ഞു. ഗ്രാമപഞ്ചായത്ത്, ആരോഗ്യവിഭാഗം, ജനജാഗ്രതാ സമിതികള്‍, പൊതുജനം തുടങ്ങിയവരുടെ കാര്യക്ഷമമായ പിന്തുണയും സഹകരണവും മേഖലയെ കോവിഡ് മുക്തമാക്കാന്‍ സഹായിച്ചെന്നും അവര്‍ പറഞ്ഞു. പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാഹനവും ഭക്ഷണവും ലഭ്യമാക്കുന്നത്. വരും ദിവസങ്ങളിലും പുതിയ കോവിഡ് കേസുകള്‍ ഉണ്ടായിക്കൂടന്നില്ല. അതിനാല്‍ മൂന്നാംഘട്ടിലും അതീവ ജാഗ്രതയിലാണ് പഞ്ചായത്ത്
കോവിഡിനെതിരായ മഹായുദ്ധത്തില്‍ പടനയിക്കുന്നത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷമീമ തന്‍വീറും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബി അഷ്റഫുമാണ്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ എസ് രാജേഷ്, കെ കൃഷ്ണപ്രസാദ്, എസ് ഹാസിഫ്, ജെപിഎച്ച്എന്‍മാരായ പി ടി ജലജ, ആശാമോള്‍, കെ വി നിഷ, എന്‍ സബീന ബീവി, ബിന്ദു, സയന, ആര്‍ബിഎസ്കെ നഴ്സുമാരായ കെ ബേബി വിജി, നിര്‍മല ബാലകൃഷ്ണന്, കെ എസ് സജ്ന മോള്, 32 ആശാവര്‍ക്കര്‍മാര്‍ എന്നിവരടക്കമുള്ള സംഘമാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നത്.