തമിഴ്നാട്ടിൽ 9227 പേർക്ക് കൊറോണ; ധാരാവിയിൽ രോഗികളുടെ എണ്ണം 1000 കടന്നു ചങ്കിടിപ്പോടെ കേരളം
ചെന്നൈ : രാജ്യത്ത് കൊറോണ രോഗബാധിതരുടെ എണ്ണം അനുദിനം വർദ്ധിക്കുന്നു. തമിഴ്നാട്ടിൽ മാത്രം കൊറോണ രോഗ ബാധിതരുടെ എണ്ണം 9227 ആയി. 509 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 64 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ന് മാത്രം മൂന്ന് മരണമുണ്ടായതായാണ് റിപ്പോർട്ട്.
ചെന്നൈയിൽ മാത്രം രോഗബാധിതരുടെ എണ്ണം 5000 കടന്നു. ഇവിടെ ഇന്ന് മാത്രം 380 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മടങ്ങിയെത്തിയ ഒമ്പത് പ്രവാസികളും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. അതേസമയം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയിൽ കൊറോണ രോഗികളുടെ എണ്ണം 1028 ആയി. ബുധനാഴ്ച മാത്രം 66 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
40 പേരാണ് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ചയ്ക്ക് ശേഷം മരണം ഉണ്ടായിട്ടില്ലെന്ന് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ കണക്കുകൾ വ്യക്തമാക്കുന്നു. ഏപ്രിൽ ഒന്നിനാണ് ധാരാവിയിൽ ആദ്യമായി കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. 42 ദിവസങ്ങൾക്കുള്ളിലാണ് കേസുകളുടെ എണ്ണം 1000 കടന്നത്.അതേസമയം മുംബൈയിലെ കൊറോണ കേസുകൾ 14787 ആയി. മഹാരാഷ്ട്രയിൽ 24427 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.മുംബൈ മഹാനഗരത്തിൽ മഹാമാരി പടരുന്നത് കേരളത്തിലാണ് ആശങ്ക പടർത്തുന്നത്.പ്രത്യേകിച്ച് ഉത്തര കേരളത്തിൽ.