വാളയാർ നാടകത്തിന് തിരശീല ,കേരളത്തിലേക്ക് പാസില്ലാതെ കടന്ന കോവിഡ് രോഗിക്കൊപ്പമുണ്ടായിരുന്നവരെല്ലാം ക്വാറന്റൈനിൽ ,പണി വാരി കൂട്ടിയത് കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം : വാളയാർ ചെക്ക്പോസ്റ്റ് വഴി പാസില്ലാതെ കടന്നെത്തിയ കോവിഡ് 19 രോഗിക്കൊപ്പമുണ്ടായിരുന്നവരെല്ലാം ക്വാറന്റൈനിൽ കഴിയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ പാസ് ഇല്ലാതെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ നടത്തിയ സമരനാടകത്തിൽ രോഗം സ്ഥിരീകരിക്കപ്പെട്ടയാൾ പങ്കെടുത്തിരുന്നു. ഇയാളുൾപ്പെട്ട സംഘവുമായി സാമൂഹ്യ അകലം പാലിക്കാതെ എംപിമാരായ വി കെ ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, ടി എൻ പ്രതാപൻ, എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവർ അടുത്തിടപഴകുകയും ചെയ്തു.
രോഗിക്കൊപ്പം ആ പരിസരത്ത് ഉണ്ടായിരുന്നവരെല്ലാം ക്വാറന്റൈനിൽ പോകേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. അവരുടെ സുരക്ഷിതത്വവും നാടിന്റെയാകെ സുരക്ഷിതത്വവും കണക്കിലെടുക്കുന്നതുകൊണ്ടാണ്. ആരൊക്കെയാണ് രോഗിക്കൊപ്പമുണ്ടായിരുന്നതെന്ന് അന്വേഷിക്കാൻ ഡിഎംഒയോടും മെഡിക്കൽ ഓഫീസർമാരോടും നിർദേശിച്ചു. സംഭവത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി പ്രതികരിച്ചത്.