കാസർകോട് എക്സൈസ് ഓഫീസിൽ നിന്ന് വിദേശമദ്യം കാണാതായ കേസിൽ ഉന്നതതല അന്വേഷണം നടത്തും ,കള്ളൻ കപ്പലിൽ തന്നെയെന്ന് വിജിലൻസ്
കാസർകോട്: കാസർകോട് എക്സൈസ് റെയ്ഞ്ച് ഓഫീസിൽ തൊണ്ടി മുതലായി ഭദ്രമായി സൂക്ഷിച്ചുവച്ചിരുന്ന അനധികൃത വിദേശ മദ്യം അപ്രത്യക്ഷമായ സംഭവത്തിൽ വിജിലൻസ് കേസെടുക്കും. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ. ദാമോദരന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉന്നത തല അന്വേഷണം നടത്താൻ വിജിലൻസ് ഡയറക്ടർ അനിൽകാന്തിന് സർക്കാർ നിർദ്ദേശം നൽകി. ഡയറക്ടറുടെ അനുമതി ലഭിച്ചാൽ ഉടനെ കേസെടുക്കും. കോടതി നിർദേശപ്രകാരം എക്സൈസ് ഓഫീസിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതൽ അപ്രത്യക്ഷമായ സംഭവം സർക്കാർ ഗൗരവത്തിലാണ് കാണുന്നത്.കാസർകോട് വിജിലൻസ് ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ റെയ്ഡിലാണ് തൊണ്ടിമുതൽ കാണാതായ വിവരം തെളിഞ്ഞത്. ഒരു മാസം മുമ്പ് നടന്ന സംഭവം എക്സൈസ് ഉദ്യോഗസ്ഥർ മൂടി വെക്കുകയായിരുന്നു. കൊവിഡ് ലോക്ക് ഡൗൺ കാലത്ത് വിദേശ മദ്യത്തിനുണ്ടായ ക്ഷാമത്തിനിടെ തൊണ്ടി സാധനം മറിച്ചു വിറ്റു എന്നാണ് സംശയിക്കുന്നത്. ‘മദ്യക്കള്ളൻ’ റെയ്ഞ്ച് ഓഫീസിന് അകത്തു തന്നെയുള്ളവർ ആയിരിക്കുമെന്നാണ് വിജിലൻസും കരുതുന്നത്. 2019-20 കാലയളവിൽ വിവിധ അബ്കാരി കേസുകളിൽ പിടികൂടി കോടതിയിൽ ഹാജരാക്കിയ ശേഷം വിദ്യാനഗറിലെ റെയ്ഞ്ച് ഓഫീസിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന 180 മില്ലിലിറ്ററിന്റെ 600 പാക്കറ്റ് വിദേശ മദ്യമാണ് കാണാനില്ലാത്തത്. ഗോവ, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നും കടത്തികൊണ്ടുവരവേ പിടികൂടിയവയാണ് ഈ പാക്കറ്റുകൾ. പിടിച്ചെടുത്ത കേരള മദ്യത്തിന്റെ ഒരു ലിറ്ററിന്റെയും 500 മില്ലി ലിറ്ററിന്റെയും 50 ഓളം കുപ്പികളും കൂട്ടത്തിൽ മുങ്ങിയിരുന്നു. കേസ് രജിസ്റ്ററും പിടിച്ചെടുത്ത രേഖകളും തൊണ്ടിമുതൽ രജിസ്റ്ററും പരിശോധിച്ച കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി കെ. ദാമോദരനും സംഘവും ഇത്രയും മദ്യം അപ്രത്യക്ഷ്യമായതായി കണ്ടെത്തുകയായിരുന്നു.സ്റ്റേറ്റ് ഓഡിറ്റ് ഓഫീസിലെ സീനിയർ ഗ്രെഡ് ഓഫീസർ ഗോപാലകൃഷ്ണൻ, എസ് ഐമാരായ പി.പി മധുസൂദനൻ, ശശിധരൻ പിള്ള, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി.പി സുഭാഷ്, കെ.വി സുരേഷ് എന്നിവരും വിജിലൻസ് സംഘത്തിൽ ഉണ്ടായിരുന്നു. കാസർകോട് എക്സൈസ് റെയ്ഞ്ച് ഓഫിസിൽ നിന്നും പിടിച്ചെടുത്ത മദ്യം കാണാതായ സംഭവം പുറത്തെത്തിച്ചത് എക്സൈസ് ഉദ്യോഗസ്ഥർ തന്നെയാണ്. ഇതേ ചൊല്ലി ഉദ്യോഗസ്ഥർ തമ്മിൽ അഭിപ്രായ വിത്യാസം ഉണ്ടായിരുന്നു. സംശയം തോന്നിയ ഒരു എക്സൈസ് ഉദ്യോഗസ്ഥൻ ഇക്കാര്യം മേലധികാരിക്ക് റിപ്പോർട്ട് ചെയ്തു. വിഷയം ഇവർക്കിടയിൽ പുകയുന്നതിനിടെയാണ് നാടകീയമായി വിജിലൻസ് റെയ്ഡിനെത്തി ‘മുങ്ങിയവരെ’ പുറത്തു കൊണ്ടുവന്നത്. വിജിലൻസ് ഓഫീസിന് വിളിപ്പാടകലെയുള്ള റെയ്ഞ്ച് ഓഫീസിലേക്ക് നടന്നാണ് ഡിവൈ.എസ്.പി ദാമോദരനും സംഘവും റെയ്ഡിനെത്തിയത്.