ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കണമെന്ന് കേന്ദ്രത്തോട് കേരളം ആവശ്യപ്പെടും
തിരുവനന്തപുരം: ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന് ഇന്നു രാവിലെ വിളിച്ചു ചേര്‍ത്ത ഉന്നത തലയോഗത്തിലാണ് നിര്‍ദേശം ഉയര്‍ന്നത്. സാമൂഹിക അകലം പാലിച്ച് ഭക്ഷണം കഴിക്കാവുന്ന രീതിയില്‍ ഹോട്ടലുകള്‍ തുറക്കണമെന്നും ആവശ്യപ്പെടും.
നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ട പട്ടിക കേരളം തയ്യാറാക്കി. ഇന്നലത്തെ പ്രധാനമന്ത്രിയുടെ യോഗത്തില്‍ കേരളത്തിന്റെ പ്രധാന ആവശ്യങ്ങള്‍ സംബന്ധിച്ചുള്ള നിര്‍ദേശങ്ങള്‍ അറിയിച്ചിരുന്നു. ഇതു കൂടാതെ, കേരളത്തിന്റെ പ്രാദേശികമായ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പതിനൊന്നു മണിയോടെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ചര്‍ച്ച നടന്നത്.
അതേസമയം, കൊച്ചി മെട്രോയും സര്‍വീസ് തുടങ്ങണമെന്നാണ് നിലപാട്. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ച നിലയ്ക്ക് സാമൂഹിക അകലവും കൊവിഡ് 19 നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് സര്‍വീസ് നടത്താമെന്നാണ് കൊച്ചി മെട്രോ അധികൃതര്‍ നല്കുന്ന സൂചന.
സാമൂഹിക അകലം പാലിച്ചു കൊണ്ട് (നാലു പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന വിധത്തില്‍) ഹോട്ടലുകളില്‍ ആളുകള്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള അനുവാദം നല്‍കണം, ജില്ലയ്ക്കകത്ത് പൊതുഗതാഗതം അനുവദിക്കണം, സംസ്ഥാനത്തിന് അകത്ത് ട്രെയിന്‍ ഗതാഗതത്തിനുള്ള അനുവാദം, മെട്രോ ട്രെയിന്‍ പ്രവര്‍ത്തിപ്പിക്കാനും ഓട്ടോറിക്ഷകള്‍ ഓടാന്‍ അനുവാദം നല്‍കണം എന്നീ ആവശ്യങ്ങളും കേരളം ഉന്നയിക്കുന്നു. ഇന്നലത്തെ യോഗത്തില്‍ മുഖ്യമന്ത്രി ഉന്നയിച്ചതു കൂടാതെയുള്ള പ്രത്യക ആവശ്യങ്ങളാണ് ഇവ.