വോട്ടെണ്ണലില്‍ കൃത്രിമം ;ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി,ബി.ജെ.പിക്ക് കനത്ത തിരിച്ചടി
അഹമ്മദാബാദ്: ബി.ജെ.പി മന്ത്രി ഭൂപേന്ദ്ര സിങ് ചുദാസാമയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കി ഗുജറാത്ത് ഹൈക്കോടതി. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയം നേടിയത് വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ചിട്ടാണെന്ന് വ്യക്തമായതിനെത്തുടര്‍ന്നാണ് കോടതി നടപടി.
ഇദ്ദേഹത്തിന് എതിരെ ധോല്‍ക മണ്ഡലത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അശ്വിന് റാത്തോഡ് നല്കിയ പരാതി പരിഗണിച്ചായിരുന്നു കോടതി നിടപടി. ജസ്റ്റിസ് പരേഷ് ഉപധ്യായ് ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നടന്ന മത്സരത്തില്‍ 327 വോട്ടുകള്‍ക്കായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന ഭൂപേന്ദ്ര സിങ് ചുദാസാമ ജയിച്ചത്. ചുദാസാമ നിരവധി അഴിമതികള്‍ നടത്തിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്നും അശ്വിന് റാത്തോഡ് പരാതിയില്‍ ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ ഇദ്ദേഹം അഴിമതികള്‍ നടത്തി. വോട്ടെണ്ണല്‍ സമയത്തായിരുന്നു അവയിലേറെയുമെന്നും റാത്തോഡ് പരാതിയില്‍ വ്യക്തമാക്കി.
വിജയ് രൂപാണി മന്ത്രിസഭയില്‍ വിദ്യാഭ്യാസം, ലോ ആന്‍ഡ് ജസ്റ്റിസ്, പാര്‍ലമെന്ററി കാര്യം എന്നീ വകുപ്പുകളുടെ മന്ത്രിയാണ് ചുദാസാമ. ഇദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയത് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്.