പ്രതിനടത്തിയ പരാമര്‍ശങ്ങള്‍ നീതികരിക്കാനാവില്ല; നമോ ടി വി അവതാരകയുടെ ജാമ്യാപേക്ഷയില്‍ കോടതി
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാഗ്യുദ്ധങ്ങളും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിയമ നിര്‍മാണം കൊണ്ടുവരണമെന്ന് ഹൈക്കോടതി .സമൂഹ മാധ്യമങ്ങളിലൂടെയുള്ള വാഗ്യുദ്ധങ്ങള് വര്‍ധിച്ചുവരുകയാണെന്നും ഇത് നിയമവാഴ്ചയെ തകിടം മറിക്കുമെന്നും സമാന്തര സമൂഹങ്ങള്‍ക്ക് കാരണമാകുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് വിലയിരുത്തി .
ഒരാള്‍ അപകീര്‍ത്തികരമോ അശ്ലീലമോ ആയ ഒരു പോസ്റ്റിട്ടാല്‍ അതിനെതിരെ പൊലീസിനെ സമീപിക്കാതെ അതെ രീതിയില്‍ പ്രതികരിക്കുകയും ഇത് അനന്തമായി തുടരുകയുമാണ് ചെയ്യുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി
ഇത്തരം സാഹചര്യങ്ങളില്‍ പൊലീസ് ജാഗരൂകമാവണമെന്നും നിലവിലെ നിയമങ്ങള്‍ പ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ നമോ ടി.വി അവതാരക ശ്രീജ പ്രസാദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി ഉത്തരവ്. പ്രതിനടത്തിയ പരാമര്‍ശങ്ങള്‍ നീതികരിക്കാനാവില്ലെന്നും കോടതി വിലയിരുത്തി .
എന്നാല്‍ ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കേസുകളിലെ പ്രതികള്‍ക്ക് കോവിഡ് പശ്ചാത്തലത്തില്‍ ജാമ്യം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി കണക്കിലെടുത്തും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചു കര്‍ശന ഉപാധികളോടെ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചൂ .
വിവര സാങ്കേതിക നിയമത്തിന്റെ പരിധിയില്‍ വരാത്ത ചില വസ്തുതകളും ഉയര്‍ന്നു വരുന്നതിനാല്‍ ഇക്കാര്യത്തില്‍ നിയമ നിര്‍മാണത്തിന് സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കോടതി ഉത്തരവിന്റെ പകര്‍പ്പ് ചീഫ് സെക്രട്ടറിക്കു അയച്ചു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു .