ചട്ടഞ്ചാൽ ടാറ്റ ആശുപത്രി നിർമാണ പ്രവൃത്തി മുന്നേറുന്നു,,ഭൂമി നിരപ്പാക്കൽ പൂർത്തിയായി,രണ്ടു ദിവത്തിനുള്ളിൽ റോഡ് നിർമാണം പൂർത്തിയാകും ഒരാഴ്ചക്കുള്ളിൽ കണ്ടൈനറുകൾ സ്ഥാപിക്കും
പൂർണമായും ഉരുക്കിൽ നിർമിച്ച കണ്ടെയ്നർ ഫരീദാബാദ്, ഹൗറ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. ഫരീദാബാദിൽനിന്ന് കണ്ടെയ്നറുമായി പുറപ്പെട്ട വാഹനങ്ങൾ അഞ്ച് ദിവസത്തിനുളളിൽ എത്തുമെന്നാണ് സൂചന.
കാസർകോട് :ചട്ടഞ്ചാൽ ടൗണിന് സമീപം ടാറ്റാ ഗ്രൂപ്പിന്റെ സഹായത്തോടെ ആരംഭിക്കുന്ന കോവിഡ് ആശുപത്രിക്കുള്ള ഭൂമി നിരപ്പാക്കൽ പ്രവൃത്തി പൂർത്തിയായി. കണ്ടെയ്നറുകൾ ഈയാഴ്ച അവസാനത്തോടെ എത്തിത്തുടങ്ങും. മൂന്ന് സോണിലായാണ് കണ്ടെയ്നർ സ്ഥാപിക്കുക. ആദ്യ സോണിൽ 58 എണ്ണവും രണ്ടാം സോണിൽ 42 എണ്ണവും മൂന്നാമത്തേതിൽ 24 എണ്ണവുമാണ് സ്ഥാപിക്കുന്നത്. ആശുപത്രിയിലെത്തുന്നവരുടെ രജിസ്ട്രേഷനും മറ്റുമായി നാല് കണ്ടെയ്നറുമുണ്ടാകും. പൂർണമായും ഉരുക്കിൽ നിർമിച്ച കണ്ടെയ്നർ ഫരീദാബാദ്, ഹൗറ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ് തുടങ്ങിയവിടങ്ങളിൽനിന്നാണ് എത്തിക്കുന്നത്. ഫരീദാബാദിൽനിന്ന് കണ്ടെയ്നറുമായി പുറപ്പെട്ട വാഹനങ്ങൾ അഞ്ച് ദിവസത്തിനുളളിൽ എത്തുമെന്നാണ് പ്രതീക്ഷ.
ആശുപത്രി വളപ്പിലേക്ക് തെക്കിൽ അമ്പട്ട വളവിൽനിന്ന് 12 മീറ്റർ വീതിയിലുള്ള റോഡാണ് നിർമിക്കുന്നത്. ഇതിന്റെ പ്രവൃത്തി രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകും. കൺസ്ട്രക്ഷൻ എക്യുപ്മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ സൗജന്യമായി വിട്ടുനൽകിയ 15 മണ്ണുമാന്തി യന്ത്രവും 17 ഹിറ്റാച്ചിയും പത്ത് ടിപ്പറും അഞ്ച് ഇതര വാഹനങ്ങളും ചേർന്നാണ് ആശുപത്രി ഭൂമിയും റോഡും ശരിയാക്കുന്നത്. മൺറോഡ് പൂർത്തിയായാലുടൻ സോളിങ് നടത്തി ദ്രുതഗതിയിൽ ടാറിങ് നടത്തുകയാണ് ലക്ഷ്യം. ഇതോടെ ആശുപത്രി വളപ്പിലേക്കുള്ള യാത്ര സുഗമമാവും.
പ്രീഫാബ് മാതൃകയിൽ 540 ബെഡ്ഡോടുള്ള ആശുപത്രിയാണ് നിർമിക്കുക. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ നിർമാണം തുടങ്ങിയതാണെങ്കിലും എല്ലാത്തരം ചികിത്സാ സൗകര്യങ്ങളും ഒരുക്കുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. അത്യാധുനിക സൗകര്യങ്ങളുള്ള ലാബോറട്ടറിയും ഉണ്ടാകും. ആശുപത്രിക്കായി കൊണ്ടുവരുന്ന കണ്ടെയ്നറിൽ അഞ്ച് ബെഡ്, ഡോക്ടർമാർക്കും നേഴ്സുമാർക്കുമുള്ള മുറി, ടോയ്ലറ്റ് എന്നിവയുമുണ്ടാകും. ആശുപത്രിയിൽനിന്നുള്ള രാസപദാർഥങ്ങൾ പുറന്തള്ളാനായി ബയോഡൈസ് ടാങ്കും കുടിവെള്ളത്തിനായി നാല് കുഴൽകിണറുകളും സ്ഥാപിക്കും. ആശുപത്രി വളപ്പിന് ചുറ്റും കൂറ്റൻ വേലിയും നിർമിക്കും. ട്രാൻസ്ഫോർമർ വയ്ക്കാനുള്ള പ്രവൃത്തിയും നടക്കുന്നു.