സംസ്ഥാനത്തെത്തിയ ആറ് പ്രവാസികള്‍ക്ക് കൊവിഡ് ലക്ഷണം; ആശുപത്രികളിലേക്ക് മാറ്റി
കോഴിക്കോട്: ഇന്നലെ ഗള്‍ഫില്‍ നിന്നുള്ള വിമാനങ്ങളിലെത്തിയ ആറ് പ്രവാസികളെ കൊവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രികളിലേക്ക് മാറ്റി. ബഹ്റൈനില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ 12.30ന് കരിപ്പൂര്‍ വിമാനത്തില്‍ വന്നിറങ്ങിയവരില്‍ നാലുപേര്‍ക്കും ദുബൈയില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കുമാണ് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചത്. ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര് കൊച്ചിയിലും ബഹ്റൈനില്‍ നിന്ന് കരിപ്പൂരിലിറങ്ങിയ നാല് പേര് കോഴിക്കോട് മെഡിക്കല്‍ കോളജിലുമാണുള്ളത്.
കോഴിക്കോട് സ്വദേശികളായ മൂന്ന് പേരും പാലക്കാട് സ്വദേശിയായ ഒരാളുമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ളത്. ഇവരെ മറ്റ് യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ ആംബുലന്‍സുകള്‍ കൊണ്ടുവന്ന് ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്നുള്ളവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്കാണ് മാറ്റിയത്.
കൂടാതെ കൊവിഡ് ലക്ഷണങ്ങളില്ലാത്ത മൂന്നുപേരെ ചില ആരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിനിയായ ഗര്‍ഭിണിയേയും ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ പത്തനംതിട്ട സ്വദേശിയേയും ഫിസ്റ്റുലയ്ക്ക് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയേയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. അസ്ഥിരോഗത്തിന് ചികിത്സക്കായെത്തിയ മലപ്പുറം സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ 108 ആംബുലന്‍സുകളിലാണ് വിമാനത്താവളത്തില്‍ നിന്ന് കൊണ്ടുപോയത്.
ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളുമായുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്റെ രണ്ട് വിമാനങ്ങളാണ് ഇന്നലെ കേരളത്തിലെത്തിയത്. ദുബൈയില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരിയിലും ബഹ്റൈനില്‍ നിന്നുള്ളത് കരിപ്പൂരിലുമാണ് എത്തിയത്.
പ്രവാസികളുമായി കൊച്ചിയിലെത്തുന്ന ഏഴാമത്തെ വിമാനമാണ് ഇന്നലെ എത്തിയത്. സുരക്ഷ പരിശോധനകള്‍ക്ക് ശേഷം മുഴുവന്‍ യാത്രക്കാരേയും അതത് ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റി.