സ്കൂള്‍ പ്രവേശനം ഉടന്‍; രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂള്‍ പ്രവേശനം ഉടന്‍ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ്. രണ്ട് ദിവസത്തിനകം മുഖ്യമന്ത്രി തിയതി പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാദ്യാസ ഡയറക്ടര്‍ അറിയിച്ചു. ഒന്ന്, അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള പ്രവേശനമാണ് ഉടന്‍ തുടങ്ങുക. നടപടി ക്രമങ്ങള്‍ വിശദീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉടന്‍ സര്‍ക്കുലര്‍ ഇറക്കുമെന്നാണ് വിവരം.
കേരളത്തിലെ സ്കൂളുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ വിദ്യാര്‍ത്ഥികള്‍ക്കായി അടുത്ത മാസം മുതല്‍ ഓണ്‍ലൈനായി ക്ലാസ് ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചന.
ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉള്ളതും ഇല്ലാത്തതുമായ വിദ്യാര്‍ത്ഥികളുടെ കണക്കെടുക്കാന്‍ സ്കൂളുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. വിക്ടറി ചാനല്‍, സമഗ്ര പോര്‍ട്ടല്‍ എന്നിവ മുഖേനയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുകയെന്നും ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് വര്‍ക്ക് ഷീറ്റ് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ എന്ന് സാധിക്കുമെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍ സാധ്യത തേടിയത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനുള്ള സാധ്യതകളെ കുറിച്ച് പഠിക്കാന്‍ സമഗ്ര ശിക്ഷാ സ്റ്റേറ്റ് പ്രോജക്ടിനോട് നിര്‍ദേശിച്ചിരുന്നു.