അനധികൃതമായി മുങ്ങിയ ഡോക്ടർമാരെ പുറത്താക്കും ; മുങ്ങിയത് 430 ഡോക്ടര്‍മാര്‍
തിരുവനന്തപുരം: സംസ്ഥാനം ഒറ്റക്കെട്ടായി കോവിഡ് 19 മഹാമാരിക്കെതിരെ പോരാടുമ്പോഴും അനധികൃത അവധിയില്‍ തുടരുന്ന ഡോക്ടര്‍മാരെ പിരിച്ചുവിടാന്‍ നടപടി. ആരോഗ്യ വകുപ്പിലെ 430 ഡോക്ടര്‍മാര്‍ അടക്കം 480 പേരെ പിരിച്ചുവിടാനാണ് തീരുമാനം. ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിച്ചു. അനധികൃതമായി അവധിയില്‍ തുടരുന്നവരോട് തിരികെ സര്‍വീസില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് പല തവണ ആവശ്യപ്പെട്ടിരുന്നു. കോവിഡ് 19 മഹാമാരി ആരംഭിച്ചപ്പോള്‍ വീണ്ടും ഇവരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്രയധികം പേര് പ്രതികരിച്ചില്ല. തുടര്‍ന്നാണ് ഇവരുടെ തസ്തികകള്‍ കൂടി ഒഴിവായി കണക്കാക്കി ആരോഗ്യ വകുപ്പ് താല്‍ക്കാലിക നിയമനം നടത്തിയത്.
ഡോക്ടര്‍മാര്‍ക്കു പുറമെ ഫാര്‍മസിസ്റ്റുകള്‍, സ്റ്റാഫ് നഴ്സ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകളിലുള്ളവരെയും പിരിച്ചുവിടും. പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കത്ത 377 ഡോക്ടര്‍മാരും പ്രൊബേഷന്‍ കാലാവധി പൂര്‍ത്തിയാക്കിയ 53 ഡോക്ടര്‍മാരും അനധികൃത അവധിയിലാണ്. 6 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, 4 ഫാര്‍മസിസ്റ്റുകള്‍, 20 സ്റ്റാഫ് നഴ്സുമാര്‍, 3 ദന്തല്‍ ഹൈനീജിസ്റ്റുകള്, 2 ലാബ് ടെക്നീഷ്യ•ാര്‍, 2 ഒപ്റ്റോമെട്രിസ്റ്റുകള്‍, 2 ആശുപത്രി അറ്റന്‍ഡര്‍മാര്‍, 3 റിക്കോര്‍ഡ് ലൈബ്രറിയേ•ാര്‍, 3 റേഡിയോഗ്രാഫര്‍മാര്‍, 3 ക്ലര്‍ക്കുമാര്‍, പിഎച്ച്എന്‍ ട്യൂട്ടര്‍, ഫൈലേറിയ ഇന്‍സ്പെക്ടര്‍, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയവര്‍ക്കാണ് പിരിച്ചുവിടല്‍ നടപടിയുടെ അവസാന ഘട്ടമായ മെമ്മോ ഓഫ് ചാര്‍ജ്ജസ് നല്‍കിയത്.
സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമായതോടെ പലരും തിരികെ സര്‍വീസില്‍ പ്രവേശിക്കാന്‍ അനുമതി തേടിയിട്ടുണ്ട്. ഇവരുടെ അപേക്ഷകള്‍ ക്രമപ്രകാരം പരിഗണിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കോവിഡിന്റെ ആദ്യ ഘട്ടത്തില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്റ്റര്‍ നല്കിയ അറിയിപ്പിനെ തുടര്‍ന്ന് ചിലര്‍ അവധി റദ്ദാക്കി സര്‍വീസില്‍ പ്രവേശിച്ചു. എന്നാല്‍ ഭൂരിഭാഗം പേരും ഈ അറിയിപ്പിനോട് പ്രതികരിച്ചില്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേയ്ക്ക് നീങ്ങുന്നത്. അവധിയില്‍ തുടരുന്ന ഡോക്ടര്‍മാര്‍ വിദേശത്തും സംസ്ഥാനത്തുമായി വിവിധ സ്വകാര്യ ആശുപത്രികളില്‍ ജോലിയെടുക്കുന്നവരാണ്. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഉയര്‍ന്ന ശമ്പളത്തില്‍ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുകയാണ്.
ഇവര്‍ സര്‍വീസില്‍ നിന്നും രാജിവച്ചിരുന്നുവെങ്കില്‍ ഈ തസ്തികളിലേയ്ക്ക് സര്‍ക്കാരിന് സ്ഥിരം നിയമനം നടത്താന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക നേട്ടവും സര്‍വീസില്‍ നിന്നും വിരമിച്ച ശേഷമുള്ള സര്‍ക്കാര്‍ പെന്‍ഷനും ലക്ഷ്യം വച്ചാണ് പലരും രാജി നല്‍കാതെ അനധികൃത അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. നിയമ പ്രകാരം ഇവരെ പിരിച്ചു വിട്ടാല്‍ പുതിയ സ്ഥിരം നിയമനം നടത്താന്‍ കഴിയും.
കാസര്‍കോട്, കോട്ടയം, കൊല്ലം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളില്‍ നിലവില്‍ ഡോക്ടര്‍മാര്‍ ആരും തന്നെ അനധികൃത അവധിയില്‍ തുടരുന്നില്ല. പ്രസവ അവധി ഉള്‍പ്പെടെയുള്ള അത്യാവശ്യ അവധിയെടുത്തവര്‍ മാത്രമാണ് നിലവില്‍ സര്‍വീസില്‍ നിന്ന് മാറി നില്‍ക്കുന്നത്.അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്ന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ 36 ഡോക്ടര്‍മാരെ ഇത്തരത്തില്‍ നേരത്തെ പുറത്താക്കിയിരുന്നു.