മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് ആശ്രയമായി സ്കില്‍ രജിസ്ട്രി ആപ്പ്
കാസർകോട് : കോവിഡ് 19 പശ്ചാത്തലത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും കേരളത്തിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് ജോലി നല്കാന് ആപ്പ്’ സജീവം .ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ സ്കില്‍ രജിസ്ട്രി മൊബൈല്‍ ആപ്ലിക്കേഷനാണ് ഇവര്‍ക്കായി അവസരമൊരുക്കിയിരിക്കുന്നത്. ‘ കേരള അക്കാദമി ഫോര്‍ എക്സലന്‍സിന്റെയും ‘വ്യാവസായിക പരിശീലന വകുപ്പിന്റെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെയും കുടുംബശ്രീയുടെയും സഹകരണത്തോടെ ഒരു വര്‍ഷം മുമ്പാണ് ആപ്പിന് തുടക്കമിട്ടത്. ഇപ്പോള്‍ പ്രവാസികളുടെ തിരിച്ചുവരവോടെ ആപ്പ് വീണ്ടും സജീവമാകുകയാണ്.
പ്രവാസികള്‍ക്ക് മാത്രമല്ല, ലോക്ക് ഡൗണില്‍ തൊഴിലില്ലാതെ വലഞ്ഞു പോയ ദൈനംദിന ഗാര്‍ഹിക-വ്യാവസായിക തൊഴിലാളികള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താം. മരപ്പണിക്കാര്‍, പ്ലംബര്‍ , കുക്ക്, ഇലക്ട്രീഷ്യന് കെട്ടിടനിര്‍മ്മാണ തൊഴിലാളി, ബ്യൂട്ടിഷ്യന് തുടങ്ങിയവര്‍ക്ക് ആപ്പില്‍ അവസരമുണ്ട്. ഇടനിലക്കാരില്ലാതെ തൊഴില്‍ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധരുടെ സേവനം തേടാനുമുള്ളതാണ് ഈ ആപ്ലിക്കേഷന്‍. യോഗ്യതയും വൈദഗ്ദ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തെരഞ്ഞെടുക്കാം. പാര്‍ട്ട് ടൈം ജോലി ആവശ്യം ഉള്ളവര്‍ക്കും ഏറെ ഉപകരിക്കും ഇത്. അടിയന്തരാവശ്യത്തിന് ഒന്നോ, രണ്ടോ മണിക്കൂര്‍ മാത്രം തൊഴിലാളികളെ ആവശ്യമുള്ളവര്‍ക്കും ഈ ആപ്പ് ഉപയോഗപ്പെടുത്താം. ഉപഭോക്താവിന്റെ സംതൃപ്തി അനുസരിച്ച് തൊഴിലാളിക്ക് സ്റ്റാര്‍ റേറ്റിംഗും നല്‍കാനാവും.
ആദ്യവിഭാഗത്തില്‍ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റപ്പണികളും സര്‍വ്വീസിങ്ങും ചെയ്യുന്നവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്രൈവര്‍മാര്‍, വീട്ടുജോലിക്കാര്‍, ക്ലീനിങ്ങ് തൊഴിലാളികള്‍, തെങ്ങുകയറ്റക്കാര്, തുണി അലക്കുകയും തേക്കുകയും ചെയ്യുന്നവര്‍, ഹോം നഴ്സുമാര്‍, ആശുപത്രികളിലും വീടുകളിലും വയോജന പരിപാലനം നടത്തുന്നവര്‍, വീട്ടിലെത്തി കുട്ടികളെ നോക്കുന്നവര്‍, വീടുകളിലെത്തി പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ പരിശോധിക്കുന്നവര്‍, മൊബൈല്‍ ബ്യൂട്ടിപാര്‍ലര്‍ സേവനം നടത്തുന്നവര്‍ എന്നിവര്‍ ഈ സര്‍വീസിലുള്‍പ്പെടും.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത്, അടിസ്ഥാന വിവരങ്ങള്‍ നല്കി തൊഴിലാളിയായോ തൊഴില്‍ ദായകനായോ രജിസ്റ്റര്‍ ചെയ്യാം. തൊഴിലാളിയെ തേടുന്നവര്‍ക്ക് കുറച്ചു വിവരങ്ങള്‍ നല്കി രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. തൊഴില്‍ അന്വേഷകര്‍ അറിയാവുന്ന തൊഴില്‍, കൂലി, തിരിച്ചറിയല്‍ രേഖ എന്നിവ നിര്‍ബന്ധമായും അപ്ലോഡ് ചെയ്യണം. പരിശീലനം നേടിയിട്ടുള്ളവര്‍ കോഴ്സിന്റെ സര്‍ട്ടിഫിക്കറ്റും കോഴ്സില്‍ ചേരാതെ തൊഴില്‍ വൈദഗ്ധ്യം നേടിയവര്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡംഗത്തിന്റെ സാക്ഷ്യപത്രവും സമര്‍പ്പിക്കണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങള്‍ പരിഹരിക്കുന്നതിന് സമീപത്തെ സര്‍ക്കാര്‍ ഐടിഐയിലോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലോ ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 255 582 (കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്) 0467 220 9068 (കാഞ്ഞങ്ങാട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്)