കൊച്ചി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് സംസ്ഥാനത്തേക്ക് കടക്കാന്‍ പാസ് വേണമെന്ന സര്‍ക്കാര്‍ നിലപാട് ഹൈക്കോടതി അംഗീകരിച്ചു. അതിര്‍ത്തിയായ വാളയാറില്‍ ഇന്നലെ വന്നു പാസില്ലാതെ കുടുങ്ങിയവര്‍ക്ക് പാസ് ലഭ്യമാക്കുന്ന നടപടി വേഗത്തിലാക്കി പാസ് ലഭ്യമാകുന്ന മുറയ്ക്ക് അവരെ സംസ്ഥാനത്തേക്ക് കടത്തിവിടണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കോയമ്പത്തൂര്‍ ഗസ്റ്റ് ഹൌസില്‍ കഴിയുന്നവരുടെ കാര്യത്തിലാണ് ഈ തീരുമാനം. ഗര്‍ഭിണികള്‍, പത്ത് വയസ്സില്‍ കുറവുള്ള കുട്ടികള്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കണം.ഇന്നലെ വന്നവര്‍ക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകം. ഇത് കീഴ്വഴക്കമാകാന്‍ അനുവദിയ്ക്കില്ല.ഇനി വരുന്നവര്‍ പാസുമായി വന്നാല്‍ മാത്രമേ കടത്തിവിടാനാകൂ എന്ന സര്‍ക്കാര്‍ വാദം ഹൈക്കോടതി അംഗീകരിച്ചു.
ലോക്ക് ഡൌണിന്റെ ഭാഗമായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ പാലിച്ചേ പറ്റൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ ഉത്തരവുകള്‍ ജനങ്ങളുടെ പൊതുതാല്പര്യം പരിഗണിച്ച് പുറപ്പെടുവിക്കുന്നതാണ്.ജനങ്ങള്‍ക്ക് എതിരെയല്ല.സര്‍ക്കാരിന് ഇക്കാര്യത്തില്‍ സ്ഥാപിത താല്പര്യമില്ല-കോടതി ചൂണ്ടിക്കാട്ടി
ജസ്റ്റിസുമാരായ ഷാജി പി ചാലി, എം ആർ അനിത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ച് ഇടക്കാല ഉത്തരവിറക്കിയത്.
ഒരു മെഡിക്കല്‍ എമര്‍ജന്‍സി നേരിടാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളാണ് നിലവിലുള്ളതെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാന് പറഞ്ഞു.വാളയാറില്‍ മാത്രമാണ് കൂടുതല്‍ പേരുള്ളത്. പാസ് കിട്ടുന്ന മുറയ്ക്ക് അവരെയും കടത്തിവിടും. പാസില്ലാതെ വരുന്നവരെ ആരെയും ഇനി കടത്തിവിടില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാട്.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഹൈക്കോടതി ഞായറാഴ്ച്ച പ്രത്യേക സിറ്റിംഗ് നടത്തുകയായിരുന്നു.