ഞായറാഴ്ച ലോക്ക്ഡൗണ്‍: ഏതെല്ലാം സ്ഥാപനങ്ങള്‍ തുറക്കും? ആര്‍ക്കെല്ലാം യാത്ര ചെയ്യാം?
തിരുവനന്തപുരം: ഞായറാഴ്ചകളില്‍ ഏതെല്ലാം സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. ഞായറാഴ്ച ലോക്ക്ഡൗണ്‍ പൂര്‍ണമായി പാലിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ അത് എങ്ങനെയാകുമെന്ന് ചോദ്യങ്ങളുയര്‍ന്നിരുന്നു. അതിനാലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥാപനങ്ങള്‍:-
അവശ്യസാധനങ്ങള്‍, പാല് വിതരണവും ശേഖരണവും, ആശുപത്രികള്‍, മെഡിക്കല്‍ ലാബുകള്‍, മെഡിക്കല്‍ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍, ഹോട്ടലുകളില്‍ ടേക്ക് എവേ കൗണ്ടറുകള്‍.
യാത്രയ്ക്കുള്ള അനുമതി ഇവര്‍ക്ക് മാത്രം:-
ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമാണ് ഞായറാഴ്ച സഞ്ചാരത്തിനുള്ള അനുമതിയുള്ളത്. ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവന്നാല്‍ അവര്‍ ജില്ലാ ഭരണകൂടത്തില്‍നിന്നോ പോലീസില്‍നിന്നോ പാസ് ലഭ്യമാക്കി വേണം യാത്രചെയ്യാന്‍.
വാഹനങ്ങള്‍ അധികം പുറത്തിറങ്ങാത്തതിനാല്‍ പെട്രോള്‍ പമ്പുകളുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും ആവശ്യമാണെങ്കില്‍ അതിന് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു.