മീനാക്ഷിയുടെ കരുതല്‍ നിധി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
കാസർകോട് : അജാനൂര്‍ പഞ്ചായത്തിലെ അഞ്ച് വയസ്സുകാരി മീനാക്ഷിയുടെ കരുതല്‍ നിധി ദുരിതാശ്വാസ നിധിയിലേക്ക് നല്കി.അജാനൂര്‍ പഞ്ചായത്ത് 12 ാം വാര്‍ഡ് മെമ്പര്‍ കിഴക്കുംകരയിലെ കെ മോഹനന്റെയും രാഖിയുടെയും മകള്‍ അഞ്ച് വയസുള്ള മീനാക്ഷി കയ്യില്‍ ലഭിക്കുന്ന നാണയങ്ങള്‍ ഒരു കുടുക്കയില്‍ നിക്ഷേപിക്കുന്ന സ്വഭാവക്കാരിയാണ് ഇങ്ങനെ സ്വരുകൂട്ടുന്ന സമ്പാദ്യങ്ങളില്‍ നിന്നും തനിക്ക് ഏറെ പ്രിയപ്പെട്ട കുഞ്ഞുടുപ്പുകളും പാദസരങ്ങള്‍ എന്നിവ വാങ്ങാറുണ്ടായിരുന്നു. ഇത്തവണ വിഷുവിന് ലഭിച്ച കൈനീട്ടം ഉള്‍പ്പെടെ ഒരു മികച്ച സംഖ്യ തന്നെ തന്റെ ശേഖരണത്തില്‍ ഉണ്ടാകുമെന്ന സന്തോഷത്തിലായിരുന്നു ഈ കൊച്ചു മിടുക്കി. ഇതിനിടെയാണ് കോവിഡ് എന്ന മാരക രോഗം പടര്ന്ന്വ്യാപിച്ചത്. ഇതു മൂലം കഷ്ടതയനുഭവിക്കുന്നവരെ കൈ പിടിച്ചുയര്‍ത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിനാവട്ടെ ഇത്തവണത്തെ സമ്പാദ്യമെന്ന് മീനാക്ഷി തന്റെ മാതാപിതാക്കളോട് അറിയിക്കുകയും കുടുംബത്തിന്റെ കൂട്ടായ തീരുമാനത്തിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കാന് തീരുമാനിക്കുകയും ചെയ്തു. തന്റെ മോഹങ്ങള്‍ ഇനിയും ഇത്തരത്തില്‍ സ്വരുകൂട്ടി നേടിയെടുക്കുമെന്നും അണ്ണാറകണ്ണനും തന്നാലാവും വിധം ഇങ്ങനെയൊരു നല്ല പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും മീനാക്ഷി പറഞ്ഞു. ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എന്‍.മണിരാജിന് സമ്പാദ്യ കുടുക്ക കൈമാറി. അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എം.വി രാഘവന് എന്നിവര്‍ പങ്കാളികളായി.