ഷാര്‍ജയിലെ തീപിടുത്തം; താമസക്കാര്‍ക്ക് അനുയോജ്യമായ താമസസൗകര്യം ഒരുക്കാന്‍ ശൈഖ് സുല്‍ത്താന്റെ ഉത്തരവ്
ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയില് തീപിടുത്തമുണ്ടായ അബ്കോ ടവറിലെ എല്ലാ താമസക്കാര്‍ക്കും ടവര്‍ വീണ്ടും വാസയോഗ്യമാകുന്നതു വരെ താമസസൗകര്യവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍ദേശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് 48 നില കെട്ടിടത്തിന് തീപിടിച്ചത്. ഷാര്‍ജ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ സമയോചിതമായ ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയത്.
അല്‍താവൂന്‍, അല്‍ നഹ്ദ, അല്‍ ഖാന് എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് അബ്കോയിലെ താമസക്കാര്‍ക്ക് താത്കാലിക തണലൊരുക്കിയിട്ടുള്ളത്. അത്താഴം, ഇഫ്താര്‍ തുടങ്ങി നോമ്പുകാര്‍ക്കുള്ള വിഭവങ്ങള്‍ കൃത്യസമയത്ത് എത്തിച്ചുനല്‍കിയും നോമ്പുകാരല്ലാത്തവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയും ഷാര്‍ജ പൊലീസ് ഇവര്‍ക്ക് ഒപ്പമുണ്ട്.
പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ അടുത്ത ദിവസങ്ങളില്‍ കെട്ടിടത്തില്‍ പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയിലാണ് 250-ലധികം കുടുംബങ്ങള്‍. ആളുകള്‍ ഒഴിഞ്ഞുപോയ തക്കംനോക്കി മോഷണം നടക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ കെട്ടിടത്തില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.