പവന്‍ഹന്‍സ് ഹെലിക്കോപ്ടറില്‍ ഹൃദയം കൊച്ചിയില്‍, ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു
ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്
തിരുവനന്തപുരം: പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ അവയവ ദാനത്തിന് വേണ്ടി. പൊലീസിന്റെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് ഹൃദയം എത്തിച്ചു. നാല് മിനിറ്റിനുള്ളില്‍ ലിസി ആശുപത്രിയിലേക്കുള്ള 6 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ആംബുലന്‍സ് ആശുപത്രിയിലേക്ക് എത്തി. ലിസ്സി ആശുപത്രിയിൽ ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ തുടങ്ങി. ആദ്യമായാണ് സര്‍ക്കാര്‍ വാടകയ്ക്കെടുത്ത ഹെലികോപ്ടർ അവയവദാനത്തിന് എയര്‍ ആംബുലന്‍ലസായി ഉപയോഗിക്കുന്നത്. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശിയും കഴക്കൂട്ടം സർക്കാർ എൽപി സ്കൂളിലെ അധ്യാപികയുമായ ലാലി ഗോപകുമാറിന്റെ അവയവങ്ങളാണ് കോതമംഗലം സ്വദേശിനിയായ 49 കാരിക്ക് വേണ്ടി എത്തിച്ചത്.
ഒരു മാസമായി സർക്കാരിന്റെ അവയവദാന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുകയായിരുന്നു കോതമംഗലം സ്വദേശിനി. ഇന്നലെ ചെക്കപ്പിനായി ഡോക്ടറുടെ അടുത്ത് എത്തിയപ്പോഴാണ് ഹൃദയം ലഭിക്കുമെന്ന വാർത്ത അറിഞ്ഞതെന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയയാകുന്ന കോതമംഗലെ സ്വദേശിയുടെ ഭർത്താവ് ഷിബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൃതസജ്ജീവനി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് ഒരു മാസമായപ്പോഴാണ് വിവരം ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എറണാകുളം ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘത്തിന്റെ നേതൃത്വത്തിലാണ് അവയവം കൊച്ചിയിലെത്തിക്കുന്നത്. ഹൃദയവും വഹിച്ച് ഡോക്ടര്‍മാരുടെ സംഘം കിംസ് ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിച്ചു. ഇവിടെ നിന്നും ഏകദേശം മുക്കാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഹെലിക്കോപ്റ്ററില്‍ കൊച്ചിയിലെത്തി. അവിടെ നിന്നും മിനിറ്റുകളില്‍ ലിസി ആശുപത്രിയിലേക്കും എത്തി.