ബാങ്ക് തട്ടിപ്പുകാർ നാടുവിട്ടിട്ട് 4 വർഷം; എസ്ബിഐ പരാതി നൽകുന്നത് ഇപ്പോൾ
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടക്കം നിരവധി ബാങ്കുകളിൽനിന്ന് 400 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മറ്റൊരു കമ്പനി ഉടമകൾ കൂടി രാജ്യം വിട്ടു. ബസ്മതി അരി കയറ്റുമതിയിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന രാം ദേവ് ഇന്റർനാഷനൽ ലിമിറ്റഡിന്റെ ഉടമകളാണ് വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിടുന്ന വ്യവസായികളുടെ പട്ടികയിലേക്ക് അവസാനമായി പേരുചേർത്തത്. 2016ൽ രാജ്യം വിട്ട ഇവരെ കുറിച്ച് ഒരു പരാതി വരുന്നത് നാലു വർഷത്തിനുശേഷവും.
വ്യാജമായി രേഖകൾ നിർമിച്ച് എസ്ബിഐയിൽ നിന്ന് കോടികൾ തട്ടി ; 3 പേർ അറസ്റ്റിൽ
KERALA
വ്യാജമായി രേഖകൾ നിർമിച്ച് എസ്ബിഐയിൽ നിന്ന് കോടികൾ തട്ടി ; 3 പേർ അറസ്റ്റിൽ
2016 മുതൽ ഇവരെ കാണാതായി. ആ വർഷം മുതൽ കമ്പനിയെ നിഷ്ക്രിയ ആസ്തയായി പരിഗണിച്ചിട്ടുണ്ട്. എന്നാൽ നാലു വർഷത്തിനു ശേഷം ഈ വർഷം ഫെബ്രുവരിയിലാണ് എസ്ബിഐ സിബിഐക്ക് പരാതി നൽകുന്നത്. ഏപ്രിൽ 28നാണ് സിബിഐ പരാതി ഫയലിൽ സ്വീകരിക്കുന്നത്.
വിവിധ ബാങ്കുകളിൽനിന്നായി 414 കോടി രൂപയാണ് രാംദേവ് ഇന്റർനാഷനൽ വായ്പയെടുത്തത്. ഇതിൽ 173.11 കോടി രൂപ എസ്ബിഐയിൽനിന്നും 76.09 കോടി രൂപ കാനറ ബാങ്കിൽനിന്നും 64.31 കോടി രൂപ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നും 51.31 കോടി രൂപ സെൻട്രൽ ബാങ്ക് ഓപ് ഇന്ത്യയിൽനിന്നും 36.91 കോടി രൂപ കോർപറേഷൻ ബാങ്കിൽനിന്നും 12.27 കോടി രൂപ ഐഡിബിഐ ബാങ്കിൽനിന്നുമാണ് വായ്പയെടുത്തത്.
എസ്ബിഐ നൽകിയ പരാതിയിന്മേൽ കമ്പനി ഡയറക്ടർമാരായ നരേഷ് കുമാർ, സുരേഷ് കുമാർ, സംഗീത, പേരു വെളിപ്പെടുത്താത്ത ചില പൊതു പ്രവർത്തകർ എന്നിവർക്കെതിരെ സിബിഐ കേസ് റജിസ്റ്റർ ചെയ്തു. കള്ളയൊപ്പിടൽ, വിശ്വാസ വഞ്ചന, അഴിമതി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് റജിസ്റ്റർ ചെയ്തത്.
173.11 കോടി രൂപയുടെ കുടിശ്ശികയുമായി ലിക്വിഡിറ്റി പ്രശ്നങ്ങൾ കാരണം 2016 ജനുവരി 27ന് കമ്പനിയുടെ അക്കൗണ്ട് നിഷ്ക്രിയ ആസ്തിയായി മാറിയതായി എസ്ബിഐ പരാതിയിൽ പറയുന്നുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. വ്യാജ അക്കൗണ്ടുകൾ വഴി ഇവർ കൃത്രിമ ബാലൻസ് ഷീറ്റ് ഉണ്ടാക്കിയതായി 2016ൽ നടത്തിയ സ്പെഷൻ ഓഡിറ്റിൽ വ്യക്തമായി. കൂടാതെ ബാങ്കിൽനിന്നുള്ള പണത്തിന്റെ ചെലവിൽ വ്യവസായ പ്ലാന്റും മറ്റ് യന്ത്രസാമഗ്രികളും നീക്കം ചെയ്തു. കമ്പനിയെ നിഷ്ക്രിയ ആസ്തിയിൽ ഉൾപ്പെടുത്തിയ ശേഷം 2016 ഓഗസ്റ്റ് – ഒക്ടോബർ മാസങ്ങളിലായി കമ്പനിയുടെ സ്വത്തുവകകളിൽ ഒരു പരിശോധന എസ്ബിഐ നടത്തി. അപ്പോഴാണ് കമ്പനി ഉടമകൾ നാടുവിട്ടവിവരം അറിയുന്നതെന്നും എസ്ബിഐ പരാതിയിൽ പറയുന്നു.
നാഷനൽ കമ്പനി ലോ ട്രൈബ്യൂണലിൽ(എൻസിഎൽടി) മറ്റൊരു കമ്പനിയുമായി ബന്ധപ്പെട്ട കേസ് രാം ദേവ് ഇന്റർനാഷനലിന്റെ പേരിലുണ്ട്. അതിൽ കമ്പനി ഉടമകൾ നാടുവിട്ടിട്ട് ഒരു വർഷത്തിലേറെയായെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. എൻസിഎൽടിയിൽ ‘മിസിങ് ’സ്റ്റാറ്റസ് രേഖപ്പെടുത്തിയിട്ട് ഒരു വർഷത്തിനു മേലെയായിട്ടും പരാതി നൽകാൻ കാലതാമസം ഉണ്ടായിട്ടില്ലെന്നാണ് എസ്ബിഐയുടെ വാദം.