മദ്യം ഹോം ഡെലിവറിയായി നൽകുന്നതിന്റെ സാധ്യത സംസ്ഥാനങ്ങൾ പരിശോധിക്കണം: സുപ്രീംകോടതി
ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് കെ കൗൾ, ബി ആർ ഗവായ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വാക്കാൽ പരാമർശം. വിവിധ സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന നടത്തുന്നതിനെതിരെ നൽകിയ ഹർജിയിലായിരുന്നു പരാമർശം.
ന്യൂഡൽഹി : സംസ്ഥാനങ്ങൾ ഓൺലൈനായി മദ്യം വിൽക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതിയുടെ വാക്കാൽ പരാമർശം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എസ് കെ കൗൾ, ബി ആർ ഗവായ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വാക്കാൽ പരാമർശം. വിവിധ സംസ്ഥാനങ്ങളിൽ മദ്യവിൽപ്പന നടത്തുന്നതിനെതിരെ നൽകിയ ഹർജിയിലായിരുന്നു പരാമർശം.
വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ മൂന്നാംഘട്ടത്തിൽ സാമൂഹ്യാകലം ഉറപ്പാക്കി മദ്യം വിൽക്കാമെന്ന് കേന്ദ്രസർക്കാർ ഉത്തരവിറക്കിയിരുന്നു. എന്നാൽ മദ്യശാലകൾ തുറന്നപ്പോൾ ഇതൊന്നും നടപ്പായില്ല. ദില്ലിയിലടക്കം മദ്യശാലകൾക്ക് മുന്നിൽ ഉന്തും തള്ളുമായി. പൊലീസും നാട്ടുകാരും തമ്മിൽ സംഘർഷവുമുണ്ടായി.
ഇന്ന് ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതിനൊപ്പം നിലവിൽ മദ്യശാലകൾക്ക് മുന്നിൽ ആളുകൾ സാമൂഹ്യാകലം പാലിക്കുന്നുണ്ടെന്ന് സംസ്ഥാനങ്ങൾ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ അന്തിമ ഉത്തരവ് ഇന്ന് സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടില്ല.
കേരളം നിലവിൽ മദ്യശാലകൾ തുറക്കേണ്ടെന്ന തീരുമാനത്തിലാണ്. അടുത്തയാഴ്ച മുതൽ കള്ളുഷാപ്പുകൾ മാത്രമാണ് തുറക്കുന്നത്. കൊവിഡിനെ പിടിച്ചുകെട്ടിയ സാഹചര്യത്തിൽ ഇനി രോഗബാധിതരുടെ എണ്ണം കൂടിയാൽ അത് തിരിച്ചടിയാകുമെന്നുമാണ് സർക്കാരിന്റെയും സിപിഎമ്മിന്റെയും വിലയിരുത്തൽ.
മദ്യശാലകൾ തുറന്നത് സാധാരണക്കാരുടെ ജീവിതത്തിന്റെ ഭാഗമാണെന്ന് കണക്കാക്കാനാകില്ലെന്നും അതുകൊണ്ടുതന്നെ ലോക്ക് ഡൗൺ ഇളവുകളിൽ ഉൾപ്പെടുത്തരുതെന്നുമാണ് കോടതിയിൽ ഇന്ന് ഹർജിക്കാർ വാദിച്ചത്.
കേന്ദ്രസർക്കാരിനെ, പ്രത്യേകിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ കക്ഷികളാക്കി നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മദ്യശാലകൾ തുറന്നത് ഭരണഘടനാവിരുദ്ധമാണെന്നും, നിയമപരമായി അനുവദിക്കാനാകാത്തതാണെന്നും കാട്ടിയായിരുന്നു ഹർജി.
മദ്യശാലകൾക്ക് മുന്നിലെ ഉന്തും തള്ളും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചതോടെ പശ്ചിമബംഗാൾ, തെലങ്കാന, പഞ്ചാബ് എന്നിവയടക്കമുള്ള സംസ്ഥാനങ്ങൾ ഓൺലൈൻ മദ്യവിൽപ്പന നടത്താനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. ദില്ലിയാകട്ടെ മദ്യം വന്ന് വാങ്ങാനുള്ള ടോക്കൺ ഓൺലൈനിലൂടെ വിതരണം ചെയ്യാനാണ് പദ്ധതിയിടുന്നത്.
എന്നാൽ മദ്യവിൽപ്പന നിന്നത് വിവിധ സംസ്ഥാനങ്ങളുടെ വരുമാനത്തെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കടുത്ത പ്രതിസന്ധിയിലാണ്. തമിഴ്നാട്ടിൽ മദ്യവിൽപ്പന ശാലകൾ തുറന്നതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിപക്ഷ കക്ഷിയായ ഡിഎംകെ തന്നെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ഇതിനിടെ പ്രതിഷേധവുമായി ടാസ്മാക് കടകൾക്ക് മുന്നിലെത്തുന്നവരെ പൊലീസ് അടിച്ചോടിക്കുന്ന സ്ഥിതിയുമുണ്ടായി. മധുരയിലും കടലൂരിലും പൊലീസ് ലാത്തിവീശി. സ്ത്രീകൾ അടക്കമുള്ളവർക്ക് പരിക്കേറ്റു. ഇതിനിടയിലും പുറത്തുവരുന്ന കണക്കുകൾ ശ്രദ്ധേയമാണ്.
മദ്യക്കടകൾ തുറന്ന് ആദ്യദിനം മാത്രം തമിഴ്നാട്ടിന് കിട്ടിയത് 172 കോടി രൂപയുടെ വരുമാനമാണ്. ഇതിൽ റെഡ് സോണായ മധുരയിൽ മാത്രം 46.78 കോടി രൂപയുടെ മദ്യം വിറ്റു.