ലോക്ക്ഡൗണ്‍ ഈ രീതിയിൽ തുടരാൻ കഴിയില്ല, ജനത്തിന് സഹായം എത്തിക്കാതെയുള്ള ലോക്ക്ഡൗണ്‍ ദുരന്തമാകും: രാഹുൽ ഗാന്ധി
ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 65,000 കോടി രൂപ അടിയന്തരമായി പാവപ്പെട്ട തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ട് നൽകണമെന്നാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ്റെ ആവശ്യം
ന്യൂഡൽഹി : ലോക്ക് ഡൗൺ പിൻവലിക്കുന്നതിലെ മാനദണ്ഡം കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾ വലിയ ദുരിതത്തിലാണെന്നും ഏറെക്കാലം ഇങ്ങനെ പോകാൻ പറ്റില്ലെന്നും രാഹുൽ ഗാന്ധി സൂം വീഡിയോ കോൺഫ്രൻസ് വഴി വിളിച്ച വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സർക്കാർ ഈ വിഷയത്തിൽ മൗനം വെടിയണമെന്നും, സംസ്ഥാനങ്ങളുമായി ഈ വിഷയത്തിൽ തുറന്ന കൂടിയാലോചനകൾ വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ഇതര സംസ്ഥാന തൊഴിലാളികൾക്ക് പ്രത്യേക പാക്കേജ് വേണമെന്നും രാഹുൽ ആവശ്യപ്പെട്ടു. 65,000 കോടി രൂപ അടിയന്തരമായി പാവപ്പെട്ട തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ട് നൽകണമെന്നാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ്റെ ആവശ്യം. തൊഴിലാളികളുടെ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ കൂടുതൽ ഉത്തരവാദിത്തം കാട്ടണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
പൊള്ളയായ വിമർശനം ഉന്നയിക്കുകയല്ല. കാര്യങ്ങൾ ചൂണ്ടി കാട്ടുകയാണ് ചെയ്യുന്നതെന്നും. റെഡ് ഓറഞ്ച് ഗ്രീൻ സോണുകൾ ആരോഗ്യ പരിരക്ഷയുമായി ബന്ധപ്പെട്ടുള്ളതാണെന്നും അത് സാമ്പത്തിക രംഗവുമായി ബന്ധപ്പെടുത്തുമ്പോൾ തിരിച്ചടികൾ ഉണ്ടാകുമെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
സ്വിച്ച് ഓൺ ചെയ്യുന്നത് പോലെ ലോക്ക് ഡൗൺ പിൻവലിക്കാനാകില്ലെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ആളുകളുടെ ചിന്താഗതിയിൽ അടക്കം മാറ്റം വരുത്തേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. ലോക്ക് ഡൗൺ അവസാനിപ്പിക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാരിന് വ്യക്തമായ പദ്ധതിയുണ്ടാകണമെന്നും സംസ്ഥാനങ്ങളും, കേന്ദ്രവും, പ്രാദേശിക അധികാര കേന്ദ്രങ്ങളും ചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ ഇതിന് പരിഹാരമുണ്ടാക്കാൻ കഴിയുകയുള്ളൂവെന്നും രാഹുൽ വ്യക്തമാക്കി. ഇതിന് സംസ്ഥാനങ്ങളെ കേന്ദ്രം പങ്കാളിയായി കണക്കാക്കണമെന്നും എല്ലാ തീരുമാനങ്ങളും നേരിട്ട് കേന്ദ്ര തലത്തിൽ നിന്നായാൽ ഫലമുണ്ടാകില്ലെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ കൂടിയായ വയനാട് എംപി ചൂണ്ടിക്കാട്ടി.