ആ സീറ്റ് ഞാൻ വാങ്ങില്ല, ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിൽ പാലമാവാൻ രാജ്യസഭാ സീറ്റ് വേണ്ട; രഞ്ജൻ ഗൊഗോയ്ക്കെതിരെ ജ. ദീപക് ഗുപ്ത
ന്യൂഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിച്ചതിന് പിന്നാലെ രാജ്യസഭാ സീറ്റ് സ്വീകരിച്ച മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ദീപക് ഗുപ്ത.
ഗൊഗോയിക്ക് പകരം താനായിരുന്നെങ്കില്‍ സര്‍ക്കാരില്‍ നിന്നും ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിലെ പാലമാകാനാണ് രാജ്യസഭാ സീറ്റ് സ്വീകരിക്കേണ്ടതില്ലെന്നും ദീപക് ഗുപ്ത പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് മുൻ ജസ്റ്റിസിന്റെ പ്രതികരണം.
ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിൽ എന്നും ഒരു പാലമുണ്ട്. അത് ചീഫ് ജസ്റ്റിസ് ആണെന്ന് ദീപക് ഗുപ്ത പറഞ്ഞു. രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണക്കേസ് അദ്ദേഹം തന്നെ കേട്ടതിലും ദീപക് ഗുപ്ത അതൃപ്തി രേഖപ്പെടുത്തി.
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികപീഡനാരോപണക്കേസ് വന്നപ്പോൾ അപ്രതീക്ഷിത സിറ്റിംഗ് വിളിച്ചു ചേർത്തത് അനാവശ്യമായിരുന്നു. സംഭവത്തിന് ശേഷം സുപ്രീംകോടതിയിൽ കാര്യങ്ങൾ മെച്ചപ്പെട്ടില്ലെന്നും ദീപക് ഗുപ്ത തുറന്നടിക്കുന്നു.
ഒരു സ്വതന്ത്രമായ ജുഡീഷ്യറി നിലനില്‍ക്കുന്നതിന് രാജ്യത്ത് മെച്ചപ്പെട്ട പരിശീലനം ലഭിച്ച സത്യസന്ധരായ ജഡ്ജിമാരുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തരത്തിലുള്ള നിയമനങ്ങളും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പരമോന്നത കോടതിയിൽ സുതാര്യത തേടി പരസ്യമായ വാർത്താസമ്മേളനം നടത്തി, ‘ജുഡീഷ്യൽ കലാപം’ നടത്തിയ രഞ്ജൻ ഗൊഗോയ് പിന്നീട് ചീഫ് ജസ്റ്റിസായപ്പോഴും സുപ്രീംകോടതിയിൽ കാര്യങ്ങൾ ഒട്ടും മെച്ചപ്പെട്ടില്ലെന്നും, ജനാധിപത്യപരമോ നിയമപരമോ ആയി സുപ്രീംകോടതിയിൽ നിർണായക കേസുകൾ പോലും നടക്കാതിരുന്നതിൽ ന്യായാധിപർക്കിടയിൽത്തന്നെ കടുത്ത അതൃപ്തിയുണ്ടായിരുന്നെന്നും ദീപ്ക് ഗുപ്ത പറഞ്ഞു.