ജില്ലയില്‍ കൂടുതല്‍ ക്വാറന്റൈന് സൗകര്യങ്ങളൊരുക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്
കാസർകോട് :പ്രവാസികള്‍ കൂടുതലായി ജില്ലയിലെത്തുന്ന സാഹചര്യമുണ്ടായാല്‍ ക്വാറന്റൈന് ചെയ്യുന്നതിനുള്ള കൂടുതല്‍ സൗകര്യമൊരുക്കാന്‍ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അദ്ധ്യക്ഷയില്‍ ചേര്‍ന്ന ജനപ്രതിനിധികളടെയും നോഡല്‍ ഓഫിസര്‍മാരുടെയും യോഗം തീരുമാനിച്ചു. നിലവില്‍ ടോയ്ലറ്റ് സൗകര്യമുള്ള 1851 റൂമുകളും 20303 ബെഡുകളും കോവിഡ് 19 പോസിറ്റീവായിട്ടുള്ളവരെ ചികില്സിക്കുന്നതിന് 903 ബെഡുകളും ഒരുക്കിയിട്ടുള്ളതായി മന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്ന് ആന്റിബോഡി പരിശോധന കഴിഞ്ഞ് വരുന്നവരെ ഏഴ് ദിവസം സ്ഥാപന ക്വാറന്റൈനില്‍ നിരീക്ഷിക്കും. പിന്നീട് സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവാണെങ്കില്‍ പിന്നീട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. പരിശോധനയില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസത്തെ സ്ഥാപന ക്വാറന്റൈനില്‍ കഴിയണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ ഇതില്‍ നിന്ന് ഒഴിവാക്കും.
ഒരാള്‍ക്ക് പോലും ജീവഹാനിയില്ലാതെ കോവിഡിനെ പ്രതിരോധിച്ച ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, പൊലീസ്, മറ്റ് വകപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു. സോണുകള്‍ പ്രഖ്യാപിക്കുന്നതും ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതും കേന്ദ്ര സര്‍ക്കാറാണ്. സംസ്ഥാന സര്‍ക്കാറിന് ഇതില്‍ കാര്യമായ ഇളവുകള്‍ വരുത്താനാവില്ല. ഇതു പാലുള്ള സാഹചര്യങ്ങളില്‍ ജനപ്രതിനിധികളെ പരിഗണിച്ചും അവരുടെ അഭിപ്രായങ്ങള്‍ മാനിച്ചുമാണ് ഉദ്യോഗസ്ഥര്‍ മുന്നോട്ട് പോവേണ്ടത്. എം.എല്‍എ മാരുടെയും ജന പ്രതിനിധികളുടെയും ഫോണ്‍ ഉദ്യാഗസ്ഥര്‍ അറ്റന്റ് ചെയ്യണം. ഇതിന് പറ്റാത്ത സാഹചര്യത്തില്‍ പിന്നീട് തിരിച്ച് വിളിക്കണം. ലോക് ഡൗണ്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി ന്യായീകരിക്കാന്‍ പറ്റാത്ത മോശമായ പ്രവര്‍ത്തനങ്ങള്‍ ചിലരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. ഭാവിയില്‍ അത്തരം പ്രവര്ത്തനങ്ങളുണ്ടാവരുതെന്നും മന്ത്രി പറഞ്ഞു. പ്രത്യേക ആപ്പ് ഉപയോഗിച്ച് പോലീസ് ക്വാറന്റൈന് നിയമ ലംഘനങ്ങള്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതില്‍ പുനഃപരിശോധന ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഒരേ സമയം വ്യത്യസ്ത ടവറുകളില്‍ നിന്നുള്ള സിഗ്നല്‍ ഫോണകളില്‍ ലഭിക്കും.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ കേരളത്തിലെത്തുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം ഇല്ലാതിരിക്കാന്‍ എല്ലാ വകുപ്പുകളും അതീവ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. രാജ് മോഹന്‍ ഉണ്ണിത്താന് എം.പി., എം.എല്‍.എമാരായ എം.രാജഗോപാലന്‍, കെ.കുഞ്ഞിരാമന്, എന്‍.എ.നെല്ലിക്കുന്ന്, എം.സി. കമറുദ്ധീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ കളക്റ്റര്‍ ഡോ. ഡി സജിത് ബാബു, ജില്ലാ പൊലീസ് മേധാവി പി .എസ് സാബു, എ.ഡി.എം എന്‍. ദേവി ദാസ്, സബ് കളക്റ്റര്‍ അരുണ്‍ കെ. വിജയന്, ഡി.എം.ഒ എ.വി രാംദാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ അടങ്ങിയവര്‍ പങ്കെടുത്തു.