സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവരെ പൊലീസ് കർശനമായി നിരീക്ഷിക്കുമെന്ന് ഐ.ജി വിജയ് സാഖറെ
കാസർകോട്: സംസ്ഥാനത്തിന് പുറത്ത് നിന്ന് ജില്ലയിലെത്തുന്നവരെ കർശനമായി നിരീക്ഷിക്കുമെന്ന് ഐ.ജി.വിജയ് സാഖറെ അറിയിച്ചു. തലപ്പാടി അതിർത്തി ചെക്പോസ്റ്റിലെത്തുന്ന ജില്ലയിൽ താമസിക്കുന്നവരെ പൊലീസ് എസ് കോർട്ടിലാവും വീടുകളിലെത്തിക്കുക. ഇതിനായി ഓരോ വാഹനത്തിനും എസ്കോർട്ടുണ്ടാവും. രോഗ ലക്ഷണമുള്ളവരെ സർക്കാർ ഒരുക്കിയിട്ടുള്ള നിരീക്ഷണ കേന്ദ്രത്തിലായിരിക്കും പ്രവേശിപ്പിക്കുക. രോഗലക്ഷണം ഇല്ലാത്തവരെ വീടുകളിൽ നിരീക്ഷണത്തിലാക്കും.ഇവർ ഒരു കാരണവശാലും 14 ദിവസം വീടിന് പുറത്തിറങ്ങാൻ പാടില്ല. വീട്ടിലെ മറ്റ് അംഗങ്ങളുമായി സാമൂഹിക അകലം പാലിക്കുകയും മറ്റു സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. വീടും പരിസരവും ട്രിപ്പിൾ ലോക് ഡൗണിൽ ആയിരിക്കും. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണവും പാട്രോളിങ്ങ് സംഘത്തിന്റെ നിരീക്ഷണവും ഉണ്ടാവും. നിരീക്ഷണത്തിലുള്ള ആൾ പുറത്തിറങ്ങുന്നില്ല എന്ന് പൊലീസ് ഉറപ്പാക്കും. മറ്റു ജില്ലകളിലേക്ക് പോകുന്നവരെകുറിച്ചുള്ള വിവരങ്ങൾ അവരുടെ പ്രദേശത്തെ പൊലീസിനും കൈമാറും. മാർഗ്ഗ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഐ.ജി. പറഞ്ഞു. കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് ജനങ്ങളുടെ പൂർണ്ണസഹകരണം ഉണ്ടാവണമെന്നും ഐ.ജി. പറഞ്ഞു.