തിരുവനന്തപുരം: കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് വിദേശത്ത് നിന്ന് തിരിച്ചെത്തുന്ന മലയാളി പ്രവാസികള്‍ക്ക് സര്‍ക്കാര്‍ ക്വാറന്റൈന് 14 ദിവസമാക്കി മാറ്റുന്നു. വിദേശത്ത് നിന്ന് എത്തുന്നവര്‍ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടിലും നിരീക്ഷണത്തില്‍ കഴിയണമെന്നായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
എന്നാല്‍ വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ 14 ദിവസം ക്വാറന്റൈന് ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇതിന് പിന്നാലെയാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനത്തില്‍ മാറ്റമുണ്ടായത്. ഉന്നതതല അവലോകന യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
വിദേശത്ത് നിന്നെത്തുന്നവരെ ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനിലാക്കി പിന്നീട് പ്രശ്നങ്ങളൊന്നും ഇല്ലെങ്കില്‍ വീടുകളിലേക്ക് അയക്കും. തുടര്‍ന്ന് വീട്ടില്‍ ഏഴ് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നുമായിരുന്നു മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് അറിയിച്ചിരുന്നു.