സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ്: മൂന്ന് പേരും വയനാട്ടിൽ
തമിഴ് നാട്ടിൽ നിന്നെത്തിയ ലോറി ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് എറണാകുളം ജില്ലയിൽ കൂത്താട്ടുകുളത്ത് ജാഗ്രതാ നിര്‍ദേശം. ഹൈസ്കൂള്‍ റോഡ് മൂന്ന് ദിവസത്തേക്ക് അടച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് . മൂന്ന് പേര്‍ക്കും വൈറസ് ബാധ ഉണ്ടായത് സമ്പര്‍ക്കം മൂലമാണ് . മൂന്ന് പേരും വയനാട്ടിലുള്ളവരാണ്. കഴിഞ്ഞ ദിവസം ചെന്നൈയിൽ പോയി വന്ന വാഹനത്തിൻ്റെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ആ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ഇദ്ദേഹത്തിൻ്റെ സഹായിയായി പോയ ക്ലീനറുടെ മകനുമാണ് ഇപ്പോൾ രോഗം വന്നിരിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ പോയി വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകളിൽ പാളിച്ചകൾ വന്നാലുണ്ടാവുന്ന അപകടമാണ് ഇതിലൂടെ കാണിക്കുന്നത്.
ഇന്ന് സംസ്ഥാനത്ത് ചികിത്സയിലുള്ള ആരുടേയും ഫലം നെഗറ്റീവായിട്ടില്ല. ഇതുവരെ 502 കേസുകൾ റിപ്പോർട്ട് ചെയ്തു. 37 പേർ നിലവിൽ ചികിത്സയിലുണ്ട്. 21342 പേർ നിലവിൽ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21034 പേർ വീടുകളിലും 308 പേർ ആശുപത്രിയിലുമാണ്. ഇന്നു മാത്രം 86 പേരെ ആശുപത്രിയിലേക്ക് മാറ്റി. 33800 സാംപിളുകൾ ഇതുവരെ പരിശോേധനയ്ക്ക് അയച്ചു. 33605 എണ്ണം നെഗറ്റീവാണ്. 1024 ടെസ്റ്റ് ഇന്ന് നടത്തി.
സാമൂഹികവ്യാപന പരിശോധനയുടെ ഭാഗമായി മുൻഗണനാപട്ടികയിൽപ്പെട്ട 2512 സാംപിളുകൾ പരിശോധിച്ചതിൽ 1979 എണ്ണം നെഗറ്റീവാണ്. ഇന്ന് പുതുതായി ഒരു സ്ഥലവും ഹോട്ട്സ്പോട്ടിൽ ഇല്ല. കണ്ണൂർ 18, കോട്ടയം 6, വയനാട് 4, കൊല്ലം 3, കാസർകോട് 3, പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒരോരുത്തർ വീതം ഇങ്ങനെയാണ് ചികിത്സയിലുള്ളവരുടെ എണ്ണം.
വിദേശത്ത് നിന്നും നമ്മുടെ പ്രവാസി സഹോദരങ്ങൾ നാട്ടിലേക്ക് വരാനുള്ള പ്രാരംഭനടപടികൾ കേന്ദ്രം തുടങ്ങിയിട്ടുണ്ട്. എന്നാൽ ആളുകളുടെ എണ്ണം താരത്മ്യപ്പെടുത്തിയാൽ വളരെ കുറച്ചു പേരെ മാത്രമേ ആദ്യഘട്ടത്തിൽ കൊണ്ടു വരുന്നുള്ളൂ. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം 2250 പേർ എത്തും. കേന്ദ്രസർക്കാർ കേരളത്തിലേക്ക് ആകെ കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും ഒരു വിവരമുണ്ട്. പക്ഷേ അടിയന്തരമായി നാട്ടിൽ എത്തിക്കേണ്ടവരുടെ മുൻഗണനാപട്ടിക കേരളം തയ്യാറാക്കിയപ്പോൾ 169130 പേരുണ്ട് എന്നാണ് കണ്ടത്. തിരിച്ചു വരാൻ നോർക്ക വഴി താത്പര്യം അറിയിച്ചത് 4.42 ലക്ഷം പേരാണ്.
തൊഴിൽ നഷ്ടപ്പെട്ടവർ, തൊഴിൽ കരാർ പുതുക്കി കിട്ടാത്തവർ, ജയിൽ മോചിതർ, ഗർഭിണികൾ, ലോക്ക് ഡൗൺ കാരണം മാതാപിതാക്കളിൽ നിന്നും വിട്ടു നിൽക്കുന്നവർ, കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ, വീസാ കാലവധി കഴിഞ്ഞവർ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ഈ പട്ടിക കേന്ദ്രത്തിന് സമർപ്പിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ തന്നെ ഇവരെയെല്ലാം നാട്ടിലേക്ക് കൊണ്ടു വരണം എന്നാണ് നമ്മൾ ആവശ്യപ്പെട്ടത്. സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റ് വഴി ശേഖരിച്ച വിവരങ്ങൾ കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട എംബസികൾക്കും കൈമാറേണ്ടതുണ്ട്. എന്നാൽ വിവരങ്ങൾ കൈമാറേണ്ട സംവിധാനം ഇതുവരെ നിലവിൽ വന്നിട്ടില്ല കേന്ദ്രസർക്കാരോ എംബസിയോ വിവരങ്ങൾ തന്നിട്ടില്ല.