യുഎഇ കോവിഡ് പ്രതിരോധ ഗവേഷകസംഘത്തില്‍ കാസർകോട് സ്വദേശിനിയും
കാസർകോട് :കോവിഡ് രോഗിയുടെ രക്തത്തിൽനിന്ന് മൂലകോശം വേർതിരിച്ചെടുത്ത് ചികിത്സിക്കാവുന്ന രീതി വികസിപ്പിച്ചെടുത്ത യുഎഇ സ്റ്റെം സെൽ ഗവേഷകസംഘത്തിൽ മലയാളിയും. കാസർകോട് പെർളടുക്കം സ്വദേശിനി ധന്യ നായരാണ് സംഘത്തിലെ മലയാളി. കോവിഡ് ബാധിച്ചയാളിൽനിന്ന് രക്തമെടുത്ത് മൂലകോശങ്ങൾ വേർതിരിച്ച് അതേ രോഗിക്ക് നൽകിയാൽ വൈറസിനെ ചെറുക്കാമെന്നാണ് കണ്ടെത്തൽ. ശ്വാസതടസ്സമുണ്ടാകുന്ന രോഗികളിൽ ഇത് ഫലപ്രദമാണ്. കോവിഡ് ബാധയേൽക്കാത്തവരിലും പ്രതിരോധശേഷി വർധിപ്പിക്കാൻ ഇതുവഴി സാധിക്കുമെന്നും കണ്ടെത്തി.
മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകയായിരുന്ന ധന്യ ഒരു വർഷമായി ഭർത്താവ് ഹരിപ്രസാദിനൊപ്പം അബുദാബിയിലാണ്. അവിടെ സർക്കാരിന്റെ മെഡിക്കൽ പ്രൊജക്ടിന്റെ ഭാഗമായി ജോലിചെയ്യുകയാണ്. കോവിഡ് പടർന്നതോടെ രോഗികളെ പരിചരിക്കുന്നതിലും പങ്കാളിയായി. ദിവസം 20 മണിക്കൂറോളം കോവിഡ് രോഗികൾക്കിടയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഗവേഷണം നടത്തുന്നത്.