അതിര്‍ത്തി കടന്നു വരുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം
കാസർകോട് : അതിര്‍ത്തി കടന്നുവരുന്നവരില്‍ www.registernorkaroots.org, covid19jagrataha.kerala.nic.in എന്നീ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്ത് അനുമതി ലഭ്യമാവാത്തവര്‍ തലപ്പാടി ചെക്ക് പോസ്റ്റിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാതെ വരുന്നവര്‍ക്ക് ഹെല്പ് ഡസ്കില്‍ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും രജിസ്റ്റര്‍ ചെയ്തവരെ പരിഗണിച്ചതിനു ശേഷം മാത്രമേ അവരെ പരിഗണിക്കുകയുള്ളൂ.
ദുരന്തകാല ഓര്‍മകള്‍ക്ക് വിട; തിരിച്ചെത്തുന്നവര്‍ക്ക് സ്വാഗതമോതി അതിര്‍ത്തിയിലെ ഹെല്പ് ഡെസ്കുകള്‍
കൊറോണ വൈറസ് മഹാമാരിയെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ അകപ്പെട്ട് പ്രതിസന്ധിയിലായ കേരളീയര്‍ സംസ്ഥാനത്തെത്തിത്തുടങ്ങി. സംസ്ഥാന അതിര്‍ത്തിയായ കാസര്‍കോട് ജില്ലയിലെ തലപ്പാടിയില്‍ വിദ്യാര്‍ത്ഥികളും വയോജനങ്ങളുമടക്കമുള്ള നിരവധി പേരാണ് ഇതിനകം എത്തിയത്. കര്‍ണാടകയിലെ വിവിധ കോളേജുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ് ഇന്ന് (മെയ് 4) വന്നവരില്‍ ഭൂരിഭാഗവും. ഗോവ, മഹാരാഷ്ട്ര തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ അടുത്ത ദിവസങ്ങളിലായി അതിര്‍ത്തിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നോര്‍ക്കയുടെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത് പ്രകാരം സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ നിശ്ചിത തിയ്യതി ലഭിച്ചവരാണ് ഇവിടെയെത്തുന്നത്. ഇതല്ലാതെ അടിയന്തര സാഹചര്യങ്ങളില്‍ എത്തുന്നവര്‍ക്കും പ്രത്യേക രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു പറഞ്ഞു.
ഇവിടെ രേഖപ്പെടുത്തിയ സംസ്ഥാന അതിര്‍ത്തി രേഖയ്ക്കടുത്തായി സ്ഥാപിച്ച കേരള പോലീസിന്റെ ചെക്പോയ്ന്റില് നിന്നാണ് കര്‍ണാടക അതിര്‍ത്തിയിലിറങ്ങി നടന്നു വരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കുന്നത്. ടോക്കണില്‍ ഹെല്പ് ഡെസ്കിന്റെ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവിടെ നിന്നും കുറച്ചു മാറി സ്ഥാപിച്ച വിശാലമായ ഹെല്പ് ഡെസ്ക് കേന്ദ്രത്തിലേക്കാണ് സ്വദേശത്തേക്കെത്തുന്നവര്‍ വരേണ്ടത്. അറുപത് ഹെല്പ് ഡെസ്കുകളാണ് നിലവില്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇവിടേക്കെത്തുന്നവരുടെ എണ്ണത്തിനനുസരിച്ച് ഹെല്പ് ഡെസ്കിന്റെ എണ്ണം നൂറായി വര്‍ധിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് മഞ്ചേശ്വരം തഹസില്‍ദാര്‍ പി ജെ ആന്റോ പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളുള്ളവരെ മെഡിക്കല്‍ ഓഫീസര്‍ പരിശോധിക്കുന്നതിന് പരിശോധനാ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.
അതിര്‍ത്തി കടന്നെത്തിയവര്‍ക്ക് പഴവും വെള്ളവും നല്‍കിയാണ് പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത്. ഹോസ്റ്റലിലെ നാലു ചുമകരുകള്‍ക്കുള്ളില്‍ മനക്ലേശത്താല്‍ ശ്വാസം മുട്ടി കഴിയുന്ന സാഹചര്യമാണുണ്ടായിരുന്നതെന്നും സംസ്ഥാന അതിര്‍ത്തിയിലെത്തുമ്പോള്‍ തന്നെ വളരെയധികം ആശ്വാസം തോന്നുന്നുവെന്നും മംഗലാപുരത്തെ കോളേജില്‍ എഞ്ചിനീയറിങ് പഠനം നടത്തുന്ന കാസര്‍കോട് ജില്ലയിലെ ഒരു വിദ്യാര്‍ത്ഥിനി പറഞ്ഞു. കോവിഡ് വ്യാപനം ഒരു ദുരന്തകാല ഓര്‍മകളായി മനസില്‍ പിടിമുറുക്കിയെന്നും അതില്‍ നിന്നും മോചനം നേടാന്‍ സഹായിച്ച എല്ലാവരോടും ഹൃദ്യമായ നന്ദിയുണ്ടെന്നും വിദ്യാര്‍ത്ഥിനി കൂട്ടിച്ചേര്‍ത്തു.
ജാഗ്രതയോടെ ഫയര്‍ഫോഴ്സും
കേരളത്തിലേക്കെത്തുന്ന വാഹനങ്ങളെ അണുവിമുക്തമാക്കാന്‍ ഇരുപത്തിനാലു മണിക്കൂറും ഫയര്‍ഫോഴ്സ് ജീവനക്കാര്‍ രംഗത്തുണ്ട്. യാത്രക്കാരെ പുറത്തിരുത്തി വാഹനങ്ങളുടെ അകത്താണ് അണുനാശിന് തളിക്കുന്നത്. പുറമേ അണുവിമുക്തമാക്കാന്‍ സമീപത്ത് ടണലും സജ്ജമാണ്.