കാര്‍ കെട്ടിടത്തിലേയ്ക്ക് ഇടിച്ചുകയറി; മൂവാറ്റുപുഴയില്‍ യുവനടനടക്കം മൂന്നുപേർ മരിച്ചു
മൂവാറ്റുപുഴ :മേക്കടമ്പിൽ കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി മൂന്നുപേർ മരിച്ചു. അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ അഞ്ചുപേർ ഗുരുതരാവസ്ഥയിൽ. ‘പൂവള്ളിയും കുഞ്ഞാടും’ സിനിമയിലെ നായകൻ ബേസിൽ ജോർജ് (30), നിധിൻ (35), അശ്വിൻ (29) എന്നിവരാണ് മരിച്ചത്. ലതീഷ് (30), സാഗർ (19), ഇതരസംസ്ഥാനക്കാരായ റമോൺ ഷേഖ്, അമർ ജയദീപ് എന്നിവർക്കാണ് പരിക്കേറ്റത്.
കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ വാളകം മേക്കടമ്പ് പള്ളിത്താഴത്ത് ഞായറാഴ്ച രാത്രി എട്ടിനാണ് അപകടം. മൂവാറ്റുപുഴയിൽനിന്ന് മേക്കടമ്പിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡരികിലെ ട്രാൻസ്ഫോർമറിൽ ഇടിച്ച് സമീപത്തെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് ഇടിച്ചുകയറി. തൊട്ടടുത്ത ഹോട്ടലിലേക്കും ഇടിച്ചുകയറിയാണ് കാർ നിന്നത്. കാറിലുണ്ടായിരുന്നവരെ നാട്ടുകാരും മൂവാറ്റുപുഴ ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്ത് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.