അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കും; ട്രെയിൻ ടിക്കറ്റിന് ചാർജ് ഈടാക്കുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി
ന്യൂദൽഹി: ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥി സംസ്ഥാന തൊഴിലാളികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് ട്രെയിൻ ടിക്കറ്റിന് ചാർജ് ഈടാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ അതിഥി തൊഴിലാളികളുടെ യാത്രാ ചെലവ് കോൺഗ്രസ് വഹിക്കുമെന്നും അവർ വ്യക്തമാക്കി.
100 കോടി രൂപ ചെലവിട്ട് ഡൊണാൾഡ് ട്രംപിന് സ്വീകരണമൊരുക്കാൻ കഴിഞ്ഞ സർക്കാരിന് എന്ത് കൊണ്ട് അതിഥി തൊഴിലാളികളുടെ ടിക്കറ്റ് ചാർജ് വഹിക്കാൻ സാധിക്കുന്നില്ലെന്നും അവർ ചോദിച്ചു. പി.എം കെയറിന് 151 കോടി രൂപ സംഭാവന നൽകിയ റെയിൽവേയുടെ കെെവശവും പണമില്ലേ എന്നും അവർ ആരാഞ്ഞു.
മുന്നറിയിപ്പില്ലാതെയാണ് കേന്ദ്രം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതെന്നും അല്ലായിരുന്നെങ്കിൽ തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ സാധിക്കുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. 1947ലെ വിഭജനത്തിന് ശേഷം ആദ്യമായാണ് ഇന്ത്യയിൽ ഇത്രയധികം പേർ ഒരുമിച്ച് കൂട്ടപാലായനം ചെയ്യുന്നതെന്നും അവർ പറഞ്ഞു.
ഇപ്പോഴും രാജ്യത്തിന്റെ വിവിധ ഭാഗത്ത് തിരികെ മടങ്ങാൻ പണമില്ലാത്തതുകൊണ്ട് മാത്രം ആയിരക്കണക്കിന് തൊഴിലാളികൾ താമസിക്കുന്നുണ്ടെന്നും സോണിയ ഗാന്ധി പറഞ്ഞു. അത് കൊണ്ട് തന്നെയാണ് ആവശ്യക്കാരായ അതിഥി തൊഴിലാളികളുടെ യാത്രാചെലവ് കോൺഗ്രസ് വഹിക്കാൻ തീരുമാനിച്ചതെന്നും അവർ വ്യക്തമാക്കി.
മൂന്നാം ഘട്ടവും ലോക്ക് ഡൗൺ നീട്ടിയതോടെയാണ് അതിഥി സംസ്ഥാന തൊഴിലാളികൾക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ പ്രത്യേക ട്രെയിൻ സർവ്വീസ് ഏർപ്പാടാക്കിയത്. അതേസമയം ബോധപൂർവ്വമാണ് ടിക്കറ്റ് ചാർജ് തൊഴിലാളികളിൽ നിന്ന് ഈടാക്കുന്നതെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ യാദവ് ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
”തൊഴിലാളികളിൽ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കിയില്ലെങ്കിൽ ആവശ്യക്കാരല്ലാത്തവർ പോലും ഇപ്പോൾ തിരികെ പോകണമെന്ന് ആവശ്യപ്പെടും. അങ്ങനെയാകുമ്പോൾ ആളുകളുടെ കണ്ടെത്തുന്നത് പ്രയാസകരമാകും. ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്ന സേവനം മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവർക്ക് വേണ്ടി മാത്രമാണ്. പൊതുജനത്തിനല്ല”. എന്നായിരുന്നു വി.കെ യാദവ് വിഷയത്തിൽ പ്രതികരിച്ചത്.