മൂന്നാഴ്ചത്തെ അസാന്നിധ്യത്തിനു ശേഷം കിം പ്രത്യക്ഷപ്പെട്ടു; സന്തോഷം പങ്കുവച്ച് ട്രംപ്
വാഷിങ്ടൻ : ഉത്തര കൊറിയ ഏകാധിപതി കിം ജോങ് ഉൻ (36) തിരിച്ചെത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൂന്നാഴ്ചത്തെ അസാന്നിധ്യം സൃഷ്ടിച്ച അഭ്യൂഹങ്ങൾക്കിടെ കഴിഞ്ഞ ദിവസമാണു കിം വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ‘കിം ആരോഗ്യത്തോടെ തിരിച്ചുവന്നതു കാണുമ്പോൾ സന്തോഷമുണ്ട്’ എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. കിമ്മിന്റെ ചിത്രങ്ങള് സഹിതമായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത് എന്നതും ശ്രദ്ധേയം.
ഫാക്ടറി ഉദ്ഘാടനത്തിനെത്തി; കിം ജോങ് ഉൻ വീണ്ടും പൊതുവേദിയിലെന്ന് റിപ്പോർട്ട്
TOP NEWS
ഫാക്ടറി ഉദ്ഘാടനത്തിനെത്തി; കിം ജോങ് ഉൻ വീണ്ടും പൊതുവേദിയിലെന്ന് റിപ്പോർട്ട്
ഹൃദയശസ്ത്രക്രിയ കഴിഞ്ഞു ഗുരുതരാവസ്ഥയിലെന്നും മസ്തിഷ്ക മരണം സംഭവിച്ചെന്നും വരെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നതിനിടെയാണു മേയ് ദിനത്തിൽ കിം തലസ്ഥാനമായ പ്യോങ്യാങ്ങിൽനിന്ന് 50 കിലോമീറ്ററകലെ സുൻജനിൽ ഫോസ്ഫാറ്റിക് ഫെർട്ടിലൈസർ ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ഏപ്രിൽ 11നു വർക്കേഴ്സ് പാർട്ടിയുടെ കൊറോണ പ്രതിരോധ യോഗത്തിൽ പങ്കെടുത്ത ശേഷം പൊതുവേദിയിൽനിന്ന് അപ്രത്യക്ഷനായ കിമ്മിനു തിരിച്ചുവരവിൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും കാണാനില്ല.
നടക്കാൻ അൽപം പ്രയാസമുള്ളതുപോലെ തോന്നിച്ചതൊഴിച്ചാൽ ചിരിച്ചും സിഗരറ്റ് വലിച്ചും ഉല്ലാസവാനായിരുന്നു. കഴിഞ്ഞ മൂന്നാഴ്ച എവിടെയായിരുന്നുവെന്നതിന് ഔദ്യോഗിക വിശദീകരണങ്ങളില്ല. കോവിഡ് പശ്ചാത്തലത്തിൽ സമ്പർക്കമൊഴിവാക്കാൻ വൊൻസാനിലെ ആഡംബര റിസോർട്ടിൽ കഴിയുകയായിരിക്കാമെന്നു ദക്ഷിണ കൊറിയ സംശയം പ്രകടിപ്പിച്ചിരുന്നു.