ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്കുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കള്‍ക്ക് എല്ലാം കൂടി നല്‍കുന്നില്ല’; മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ചെലവ് കുറച്ച് കൊവിഡ് പ്രതിരോധനത്തിനായി കൂടുതല്‍ ഫണ്ട് കണ്ടെത്താന്‍ സര്‍ക്കാര്‍ ധൂര്‍ത്ത് ഒഴിവാക്കണമെന്നും അതിനായി ആദ്യം മുഖ്യമന്ത്രിക്ക് വേണ്ടി നിയമിക്കപ്പെട്ട മുഴുവന്‍ ഉദ്യോഗസ്ഥരേയും ഒഴിവാക്കുകയാണ് വേണ്ടതെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്.
ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് നല്കുന്ന ശമ്പളമോ ആനുകൂല്യങ്ങളോ തന്റെ ഉപദേഷ്ടാക്കള്‍ക്ക് എല്ലാം കൂടി നല്‍കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിക്ക് വേണ്ടി നിയമിക്കപ്പെട്ട മുഴുവന്‍ ഉപദേശകരേയും ഒഴിവാക്കണമെന്നും ഇവര്‍ വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നതെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
ഒന്നുകില്‍ ഉപദേശകരെയെല്ലാം ഒഴിവാക്കണമെന്നും അല്ലെങ്കില്‍ പ്രതിഫലം കൂടാതെ വഹിക്കുന്ന തസ്തികകളില്‍ തുടരാന്‍ അനുവദിക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പവന്‍ഹാന്‍സില്‍ നിന്നും മാസവാടകയ്ക്ക് എടുത്ത ഹെലികോപ്റ്റര്‍ സര്‍വ്വീസ് അവസാനിപ്പിക്കണമെന്നും ഇത് അനാവശ്യ ചെലവാണെന്നുമുള്ള പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിനും മുഖ്യമന്ത്രി മറുപടി നല്കി.
ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തത് സുരക്ഷാ കാര്യങ്ങള്‍ക്കും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും ആയാണെന്നും രാജ്യത്തെ മിക്കവാറും സംസ്ഥാനങ്ങള്‍ ഹെലികോപ്റ്ററുകളോ വിമാനങ്ങളോ വാങ്ങിയിട്ടുണ്ടെന്നും പിണറായി വിജയന് പറഞ്ഞു.
ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനത്തെ എതിര്‍ക്കുന്നവര്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകുമെന്നും കേന്ദ്രസര്‍ക്കാര്‍ ഡി.എ മരവിപ്പിച്ചതിലൂടെ ഒരു ജീവനക്കാരന്റെ ഒന്നര മാസത്തെ ശമ്പളത്തിന് തുല്യമായ തുക നഷ്ടപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരും ഡി.എ പിടിക്കുന്ന നിലപാടെടുത്തെന്നും രാജസ്ഥാനില്‍ ശമ്പളം പിടിക്കാനെടുത്ത തീരുമാനത്തെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ ചെലവ് കുറച്ച് കൊവിഡ് പ്രതിരോധത്തിനായി കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന് വേണ്ടി 15 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ കത്തായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി പുതിയ വാഹനങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കുക, അത്യാവശ്യ ഘട്ടത്തില്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുക, വന്‍ ശമ്പളത്തില്‍ കിഫ്ബിയില്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുക, അനാവശ്യ തസ്തികകള്‍ നിര്‍ത്തലാക്കുക, 12 കോടി ചിലവില്‍ നടക്കുന്ന കിഫ്ബി ബോധവല്‍ക്കരണ പരിപാടി നിര്‍ത്തിവയ്ക്കുക, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, പൊതുമേഖലാ സ്ഥാപനങ്ങളിലും നടക്കുന്ന ധൂര്‍ത്തും, അനാവശ്യ മോടിപിടിപ്പിക്കലും അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു പ്രധാന നിര്‍ദേശങ്ങള്‍. സംസ്ഥാനത്ത് കാലാവധികഴിഞ്ഞും പ്രവര്‍ത്തിച്ചുവരുന്ന എല്ലാ കമ്മീഷനുകളും പിരിച്ചുവിടുക, അനാവശ്യമായ ഓഫീസ് മോടിപിടിപ്പിക്കല്‍, വാങ്ങലുകള്‍ എന്നിവ ഒഴിവാക്കുക എന്നീ നിര്‍ദ്ദേശങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.