24 മണിക്കൂറിൽ രാജ്യത്ത് കൊവിഡ് കേസുകളിൽ കുതിച്ചു ചാട്ടം; മരണം 83, പുതിയ കേസുകൾ 2644
രാജ്യത്ത് കൊവിഡ് രോഗമുക്തരാകുന്നവരുടെ തോത് കൂടുന്നുണ്ട് എന്നത് മാത്രമാണ് ഇതിനിടെയുള്ള ഏക ആശ്വാസം. ആകെ രോഗം ബാധിച്ചവരിൽ 26.59 ശതമാനം പേരും രോഗമുക്തരായി. ഇന്ന് ലോക്ക് ഡൗൺ രണ്ടാം ഘട്ടം അവസാനിക്കുകയാണ്.
ന്യൂഡൽഹി : രാജ്യം ലോക്ക് ഡൗണിലായിട്ട് ഒരു മാസവും ഒരാഴ്ചയും പിന്നിടുമ്പോൾ 24 മണിക്കൂറിൽ രോഗികളുടെ എണ്ണത്തിൽ രാജ്യത്ത് വൻവർദ്ധന. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2644 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 83 പേർ കൊവിഡിന് കീഴടങ്ങി. ആകെ കേസുകൾ നാൽപ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. 39,980 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. ആകെ 1301 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ 10,633 പേർ രോഗമുക്തരായി എന്ന് വ്യക്തമാക്കുന്നു.
രോഗികളാകുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകുമ്പോഴും 26.59 ശതമാനം പേർ രോഗമുക്തരാകുന്നുണ്ട് എന്നത് മാത്രമാണ് രാജ്യത്തിന് ആശ്വാസമാകുന്നത്. ലോക്ക് ഡൗണിന്റെ മൂന്നാം ഘട്ടത്തിലേക്ക് രാജ്യം പോകുകയാണ്. നാളെ മുതൽ കൂടുതൽ ഇളവുകളോടെയാണ് ലോക്ക്ഡൗൺ തുടരുക. രാജ്യത്തെ പ്രധാനമായും മൂന്ന് സോണുകളായാണ് തിരിച്ചിരിക്കുന്നത്. റെഡ്, ഓറഞ്ച്, ഗ്രീൻ സോണുകളായി രാജ്യത്തെ വേർതിരിച്ച്, റെഡ് സോണിലും കണ്ടെയ്ൻമെന്റ് സോണുകളിലും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് തീരുമാനം.
നിലവിൽ ലക്ഷക്കണക്കിന് അതിഥിത്തൊഴിലാളികളെയും പലയിടത്തായി കുടുങ്ങിയ വിനോദസഞ്ചാരികളെയും വിദ്യാർത്ഥികളെയും തിരികെ സ്വന്തം നാട്ടിലേക്ക് എത്തിക്കാൻ പ്രത്യേക തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്. അതല്ലാതെ പൊതുഗതാഗതം നിലവിൽ നടത്തുന്നില്ല. കേരളത്തിൽ നിന്ന് ഉൾപ്പടെ ആയിരക്കണക്കിന് പേരാണ് പ്രത്യേക തീവണ്ടികളിൽ നാട്ടിലേക്ക് മടങ്ങിയത്.
ദില്ലിയിലെയും തമിഴ്നാട്ടിലെയും സ്ഥിതി അതീവഗുരുതരമാണ്. ദില്ലിയിൽ കഴിഞ്ഞ ദിവസം മാത്രം 384 പേർക്കാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്. ദില്ലിയിൽ മാത്രം 4122 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഇപ്പോഴും ഏറ്റവുമധികം കേസുകൾ. തലസ്ഥാനത്ത് മാത്രം 90 കണ്ടെയ്ൻമെന്റ് സോണുകളുണ്ട്. 1256 പേർക്ക് രോഗമുക്തിയുണ്ടായെങ്കിലും 64 പേർ ദില്ലിയിൽ കൊവിഡിന് കീഴടങ്ങി.
തമിഴ്നാട്ടിലാകട്ടെ സ്ഥിതി ഗുരുതരമാണ്. ചെന്നൈ നഗരം രോഗത്തിന്റെ പ്രഭവകേന്ദ്രമായി മാറുമ്പോൾ, നഗരത്തിലെ കോയമ്പേട് മാർക്കറ്റിൽ രോഗബാധിതരായവരുടെ എണ്ണം കുത്തനെ കൂടി. ഇന്ന് തമിഴ്നാട്ടിൽ ഏഴ് ജില്ലകളിൽ സമ്പൂർണലോക്ക്ഡൗണാണ്. അവശ്യസർവീസുകളും സ്ഥാപനങ്ങളും പോലും ഇന്ന് തുറക്കരുതെന്നാണ് ഉത്തരവ്.
രാജ്യത്ത് മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്നത് വരെ വിമാനസർവീസ് ഉണ്ടാകില്ലെന്ന് ഡിജിസിഎ വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ മയൂർവിഹാറിലെ സിആർപിഎഫ് ബറ്റാലിയനിൽ 122 ജവാൻമാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 100 പേരുടെ ഫലം കൂടി വരാനുണ്ട്. മയൂർ വിഹാർ ഫേസ് 3-യിൽ സിആർപിഎഫിന്റെ 31-ാം ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്കാണ് കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിച്ചത്.
കൊവിഡ് സുരക്ഷാ ഉപകരണങ്ങൾ വ്യാപകമായി സംഭരിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 2.22 കോടി പിപിഇ കിറ്റുകൾ സംഭരിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. ഇവയിൽ 1.43 കോടി രാജ്യത്ത് തന്നെ നിർമിക്കുന്നവയാകും.