പുതിയ ഹോട്ട്സ്പോട്ടുകൾ ഇല്ല; അപകടനില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം : രാജ്യത്ത് ലോക്ക്ഡൗൺ മെയ് 17വരെ നീട്ടിയ സാഹചര്യത്തിൽ കേന്ദ്രം മുന്നോട്ടുവെച്ച ചട്ടക്കൂടിനകത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിന്റെ സവിശേഷതകളും ഉൾക്കൊണ്ടുകൊണ്ട് നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം അപകടനില തരണം ചെയ്തുവെന്ന് പറയാനാകില്ല. സമൂഹവ്യാപനം എന്ന ഭീഷണി ഒഴിഞ്ഞുപോയെന്നും പറയാറായിട്ടില്ല. അതിനാൽ നിലവിലെ ജാഗ്രത തുടരേണ്ടതുണ്ട്.
സംസ്ഥാനത്ത് 80 ഹോട്ട്സ്പോട്ടുകളാണ് ഉള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു. പുതുതായി ഒരു സ്ഥലത്തെയും ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. 23 ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലാണ്. ഇടുക്കിയിലും കോട്ടയത്തും 11 ഹോട്ട്സ്പോട്ടുകൾ വീതമുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത് കണ്ണൂർ ജില്ലയിലാണ്. 38 പേർ. ഇവിടെ ചികിത്സയിൽ കഴിയുന്ന രണ്ടു പേർ കാസർകോട് സ്വദേശികളാണ്. ഒരു കണ്ണൂർ സ്വദേശി കോഴിക്കോട്ട് ചികിത്സയിൽ കഴിയുന്നു. കോട്ടയത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ ഇടുക്കി സ്വദേശിയാണ്. കൊല്ലത്തും ഇടുക്കിയിലും 12 പേർ വീതം ചികിത്സയിൽ കഴിയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.