അലനെയും താഹയെയും സിപിഐ മാവോയിസ്റ്റില്‍ ചേര്‍ത്തത് ഇന്നലെ പിടിയിലായവർ: എന്‍ഐഎ
കോഴിക്കോട് : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ നിര്‍ണായകവെളിപ്പെടുത്തലുമായി എന്‍ഐഎ. കേസിലെ ഒന്നും രണ്ടും പ്രതികളായ അലന് ഷുഹൈബിനെയും താഹ ഫസലിനെയും സിപിഐ മാവോയിസ്റ്റില്‍ ചേര്‍ത്തത് വെള്ളിയാഴ്ച പിടിയിലായവർ. വിജിത് വിജയന്, അഭിലാഷ്, എല്‍ദോ വില്സന് എന്നിവരെ വെള്ളിയാഴ്ച കോഴിക്കോടുനിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍നിന്ന് എട്ട് മൊബൈല്‍ ഫോണ്‍, ഏഴ് മെമ്മറി കാര്‍ഡ്, ഒരു ലാപ്ടോപ് എന്നിവ പിടിച്ചെടുത്തു. രാത്രി വൈകി അഭിലാഷിനെ വിട്ടയച്ചെങ്കിലും ഇന്ന് വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകണം. തനിക്കു മാവോയിസ്റ്റ് ബന്ധമില്ലെന്നും അലനെയും താഹയെയും പരിചയമില്ലെന്നും അഭിലാഷ് മനോരമ ന്യൂസിനോട് പറഞ്ഞു.
അലന്, താഹ എന്നിവരുടെ മൊഴിയിലാണു മൂന്നുപേരുമായുള്ള ബന്ധം എന്‍ഐഎയ്ക്കു വ്യക്തമായത്. വ്യത്യസ്ത ഇടങ്ങളില്‍ ഇവര്‍ കൂടിക്കാഴ്ച നടത്തി, വിവിധയിടങ്ങളിലേക്കു നിരവധി തവണ യാത്ര ചെയ്തു തുടങ്ങിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പെരുവയല്‍ പരിയങ്ങാട്ടെ വാടക വീട്ടില്‍ എന്‍ഐഎ സംഘം പരിശോധിച്ചത്. ലഘുലേഖകള്‍ കണ്ടെത്തി. ലോക്ഡൗണ്‍ കാലയളവിലും ബിജിത്തും എല്‍ദോ വില്‍സണും നിരവധി സുഹൃത്തുക്കള്‍ക്കൊപ്പം പെരുവയലില്‍ താമസിച്ചിരുന്നതായും വിവരം ലഭിച്ചു. ഇരുവര്‍ക്കുമൊപ്പം താമസിച്ചിരുന്ന പാലക്കാട് സ്വദേശിയായ യുവാവിനെക്കുറിച്ചും കൂടുതല്‍ അന്വേഷണമുണ്ടാകും.
ഒന്നരവര്‍ഷം മുന്‍പാണ് വിജിത് വിജയന്, അഭിലാഷ്, എല്‍ദോ വില്സന് എന്നിവർ പെരുവയലിലെത്തിയത്. വിവിധയിടങ്ങളിലായി ട്യൂഷന് സെന്റര്‍ നടത്തുകയായിരുന്നു. ഇരിങ്ങാടന്‍പള്ളിയിലെ വീട്ടില്‍നിന്നാണ് അഭിലാഷിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തത്. പെരുവയലിലെ യുവാക്കളുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്നാണു സൂചന. അഭിലാഷിന്റെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ്് തുടങ്ങിയവും കസ്റ്റഡിയിലെടുത്തു. ചില കാര്യങ്ങളില്‍ സംശയമുണ്ടെന്നും വിശദമായ ചോദ്യം ചെയ്യലിന്റെ ആവശ്യമുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.
അലനും താഹയും ഉള്‍പ്പെടെ 29 പൗരന്മാര് അന്യായ തടങ്കലില്‍: കാനം രാജേന്ദ്രൻ
വയനാട് കൊല്ലപ്പെട്ട മാവോയിസ്റ്റ് പ്രവര്ത്തകന് സി.പി. ജലീലിന്റെ വീട്ടിലും പൊലീസ് പരിശോധിച്ചു. ജലീലിന്റെ പാണ്ടിക്കാട്ടെ കുടുംബവീട്ടിലും സഹോദരന്റെ വീട്ടിലുമാണ് പാണ്ടിക്കാട്, വണ്ടൂര്‍ സി.ഐമാരുടെ നേതൃത്വത്തില്‍ പരിശോധിച്ചത്. പുറത്തുനിന്നുള്ളവര്‍ വീട്ടില്‍ തങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.