ദൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത് പൊലീസ്
ന്യൂദൽഹി:ദൽഹി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ സഫറുൽ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്ത് ദൽഹി പൊലീസ്.
ഏപ്രിൽ 28ന് സഫറുൽ ഇസ്ലാം ഖാൻ വടക്കു കിഴക്കൻ ദൽഹി അക്രണത്തിൽ ഇന്ത്യൻ മുസ്ലിംകളെ പീഡിപ്പിച്ച വിഷയത്തിൽ പ്രതികരിച്ച കുവൈത്തിന് നന്ദിയറിച്ച് സമൂഹ മാധ്യമത്തിൽ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തിരിക്കുന്നത്.
ഇന്ത്യൻ പീനൽ കോഡിന്റെ 124 എ, 153എ വകുപ്പുകൾ ചുമത്തിയാണ് ഖാനെതിരെ കേസെടുത്തതെന്ന് ദൽഹി പൊലീസ് ജോയിന്റ് കമ്മീഷണർ നീരജ് താക്കൂർ പറഞ്ഞു. അത സമയം എഫ്.ഐ.ആർ താൻ കണ്ടിട്ടില്ലെന്നും എഫ്.ഐ.ആർ കണ്ടതിന് ശേഷം മാത്രമേ വിഷയത്തിൽ പ്രതികരിക്കൂ എന്നും ഖാൻ വ്യക്തമാക്കി.
വ്യാഴാഴ്ച്ച വിവാദമായ ട്വീറ്റിന് ഖാൻ മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. തന്റെ അഭിപ്രായങ്ങൾ ചിലരെ വേദനിപ്പിച്ചുവെന്ന് മനസിലാക്കുന്നു. അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. വാസന്ത് കുഞ്ചിൽ താമസക്കാരനായ ഒരാളുടെ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.