മുംബൈയില്‍ നിന്ന് കര്‍ണാടകയിലേക്ക് മൃതദേഹവുമായി യാത്ര ചെയ്ത കുടുംബത്തിലെ 3 പേര്‍ക്ക് കൊവിഡ് 19
ബെംഗളൂരു: 56 കാരന്റെ മൃതദേഹവുമായി മുംബൈയില്‍ നിന്ന് യാത്ര ചെയ്ത ആറ് പേരില്‍ മൂന്ന് പേര്‍ക്ക് കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചു.
മുംബൈയിലെ ഓട്ടോറിക്ഷ ഡ്രൈവറായ ഇയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അധികാരികളുടെ അനുമതി വാങ്ങിയ ശേഷമാണ് ബന്ധുക്കള്‍ മൃതദേഹം ആംബുലന്‍സില്‍ സ്വന്തം ജില്ലയിലേക്ക് കൊണ്ടുപോയത്.
ശവസംസ്കാരത്തിനുശേഷം, മാണ്ഡ്യയിലെ അധികൃതര്‍ ഇവരെ കൊവിഡ് വൈറസ് പരിശോധനയ്ക്ക് വിധേയമാക്കി. മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ മരിച്ചയാളുടെ ഭാര്യയുടെ ഫലം നെഗറ്റീവ് ആയിരുന്നു.
മാണ്ഡ്യയിലേക്കുള്ള യാത്രാമധ്യേ കുടുംബം ഒരു സ്ത്രീക്കും മകനും ലിഫ്റ്റ് നല്‍കിയിരുന്നു. അതില്‍ സ്ത്രീക്ക് കൊവിഡ് ബാധയേറ്റു.
ഒരു സ്വകാര്യ ബാങ്കില്‍ ജോലി ചെയ്യുന്ന ഇയാളുടെ മകന് ആദ്യം വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
സംഭവത്തില്‍ പ്രാദേശിക ഭരണകൂടം മുംബൈയിലെ അധികാരികളെ കുറ്റപ്പെടുത്തി.
” മുംബൈ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള ഒരു വീഴ്ചയാണിത്. ആറ് പേര്‍ക്ക് മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകാന്‍ അവര്‍ എന്തിനാണ് അനുമതി നല്‍കിയത്, അതും ഒരു പരിശോധനയും നടത്താതെ ഒരു കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന്,”മാണ്ഡ്യ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. എം വി വെങ്കിടേഷ് പറഞ്ഞു.
മഹാരാഷ്ട്രയിലെ 11,506 കൊവിഡ് രോഗികളില്‍ 7,812 പേര് മുംബൈയില്‍ നിന്നുള്ളവരാണ്.